പക്ഷിപ്പനി: കോഴിക്കോട്ട് പ്രതിരോധപ്രവർത്തനം ഊർജിതം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും കോർപറേഷനിലെ നല്ലളം ഡിവിഷനിലും വളർത്തു പക്ഷികളെ കൊന്നൊടുക്കുന്നത് ഇന്ന് തുടരുകയാണ്. ആർ.ആർ.ടി സംഘത്തിന്‍റെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. പക്ഷികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്‍റെ കൺട്രോൾ റൂമിലോ വിവരമറിയിക്കാം. രോഗത്തിന്‍റെ പ്രഭവ കേന്ദ്രത്തിന്‍റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി,കാട,താറാവ് ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിരിക്കുകയാണ്.

ജാഗ്രത വേണം

ജില്ലയിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി (H5N1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു.

എന്താണ് പക്ഷിപ്പനി?

ഒരിനം വൈറസ് കാരണമുണ്ടാകുന്ന പകര്‍ച്ചാ രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. പക്ഷികളില്‍നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ തുടങ്ങി എല്ലാ ഇനം പക്ഷികളെയും ഈ രോഗം ബാധിക്കാം. പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് പകരാനും ഇടയുണ്ട്. മനുഷ്യരിലെ രോഗം ഗുരുതരമായേക്കാം. അതിനാല്‍ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിത അകലം പാലിക്കണം.

രോഗബാധയേറ്റ കോഴി, താറാവ്, വളര്‍ത്തു പക്ഷികള്‍ എന്നിവയെ പരിപാലിക്കുന്നവര്‍, അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, രോഗ നിയന്ത്രണത്തിനായി പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍, സഹായികള്‍ എന്നിവര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടല്‍, മൂക്കൊലിപ്പ്, കഫത്തില്‍ രക്തം കാണുക എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങള്‍.

ശ്രദ്ധിക്കുക

*  വളര്‍ത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കണം.

*  പക്ഷികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ സുരക്ഷിതമായി സംസ്‌കരിക്കുക.

*  പക്ഷികളുടെ കാഷ്ഠമോ മറ്റു സ്രവങ്ങളോ ശരീരത്തില്‍ വീഴുകയോ മൃതശരീരം തൊടുകയോ ചെയ്യേണ്ടിവന്നാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ കുളിക്കുകയോ വേണം.

*  വളര്‍ത്തു പക്ഷികളുടെ കൂട് വൃത്തിയാക്കുമ്പോഴും മുട്ട, മാംസം എന്നിവ കൈകാര്യം ചെയ്യുമ്പോഴും മാസ്‌കും നീളമുള്ള കൈയുറയും ധരിക്കണം.

പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*  കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളുമായി കഴിയുന്നതും അകലം പാലിക്കുക. പക്ഷികളെ വളര്‍ത്തുന്ന സ്ഥലത്തോ കൂടിന്റെ പരിസരത്തോ പോകരുത്.

*  വളര്‍ത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.

*  പക്ഷികള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്തിടപഴകരുത്.

*  മുട്ട, മാംസം എന്നിവ നന്നായി സമയമെടുത്ത് വേവിച്ച് (70 ഡിഗ്രി സെല്‍ഷ്യസില്‍ അര മണിക്കൂര്‍) മാത്രം കഴിക്കുക. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. ഓംലെറ്റ്, ബുള്സ് ഐ എന്നിങ്ങനെ കുറഞ്ഞ സമയം മാത്രം എടുത്തു പാകം ചെയ്യുന്ന മുട്ട വിഭവങ്ങള്‍ കഴിക്കരുത്.

*  പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക

Tags:    
News Summary - Bird flu: Prevention efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.