‘ഷെറിന്‍റെ മോചനത്തിന് പിന്നിൽ ഗൂഢാലോചന, അനുമതി നൽകരുത്’; ഗവർണർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭാസ്കര കാർണവർ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെ മോചിപ്പിക്കാൻ അനുമതി നൽകരുതെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. ഷെറിനെ മോചിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ടി.പി. വധക്കേസ് പ്രതികളെ അടക്കം മോചിപ്പിക്കാനുള്ള സർക്കാറിന്‍റെ കണക്കുകൂട്ടിയുള്ള നീക്കത്തിന്‍റെ ഭാഗമാണ് മന്ത്രിസഭയുടെ തീരുമാനം. ഇത്തരത്തിൽ ഷെറിനെ മോചിപ്പിക്കുന്നത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും. ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭയുടെ ശിപാർശ അംഗീകരിക്കരുത്.

തീരുമാനം അതിവേഗത്തിലും തിടുക്കത്തിലും ഉള്ളതാണ്. തീരുമാനത്തിന് പിന്നിൽ ഉന്നത സ്വാധീനമുണ്ട്. 25 വർഷമായി തടവിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ജില്ലാ ജയിൽ സമിതികളുടെ ശിപാർശയിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം പൂർത്തിയായെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാൻ നീക്കം നടക്കുന്നത്. പൊതുതാൽപര്യം കണക്കിലെടുത്ത് ജയിൽ മോചന ശിപാർശ തള്ളണമെന്നും ഗവണർക്ക് നൽകിയ കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ വധക്കേസിൽ 14 വർഷം ശിക്ഷ പൂർത്തിയായ പ്രതി ഷെറിന് ശിക്ഷാഇളവ് നൽകിയ മന്ത്രിസഭ ശിപാർശയാണ് വിവാദത്തിന് വഴിവെച്ചത്. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി.

അര്‍ഹരായി നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് വിവാദത്തിൽ കലാശിച്ചത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചില്ല.

2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതി ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്.

ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോൺ കോളുകൾ പോയത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.

Tags:    
News Summary - Big Conspiracy Behind Sherin's Release'; Ramesh Chennithala gave a letter to the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.