ഭാസ്കര കാരണവർ വധക്കേസ്​; പ്രതി ഷെറിന് ശിക്ഷ ഇളവ് നൽകിയ നടപടി വിവാദത്തിൽ, മാനദണ്ഡങ്ങൾ പാലിച്ചി​ല്ലെന്ന്

തിരുവനന്തപുരം: പ്രമാദമായ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ശിക്ഷ ഇളവ് നൽകിയ നടപടി വിവാദത്തിൽ. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അര്‍ഹരായി നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് നീതികരിക്കാൻ കഴിയില്ലെന്നാണ് വിമർശനം.

ഇതിനിടെ, വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചില്ല. ജയിൽ മോചിതയാകുന്നു. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായിരുന്ന ഷെറിൻ.

മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതിയും ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജീവപര്യന്തം ശിക്ഷ സുപ്രീംകോടതിയും ശരിവെച്ചിരുന്നു.

മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്.

ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോൺ കോളുകൾ പോയത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.

Tags:    
News Summary - Bhaskara Karanavar murder case The decision to grant leniency to the accused is controversial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.