ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ സഹതടവുകാരിയെ മർദിച്ചു; കേസെടുത്ത് പൊലീസ്

കണ്ണൂർ: സഹതടവുകാരിയെ മർദിച്ച സംഭവത്തിൽ ഭാസ്കര കാർണവർ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ കേസ്. തിങ്കളാഴ്ച കണ്ണൂർ വനിത ജയിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയും വിദേശ വനിതയുമായ കെ.എം. ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ജൂലിയെ ഷെറിൻ പിടിച്ചു തള്ളുകയും ഷബ്ന അസഭ്യം പറയുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്തെന്നാണ് കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. 

കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ വധക്കേസിൽ 14 വർഷം തടവുശിക്ഷ പൂർത്തിയായ പ്രതി ഷെറിന് ശിക്ഷാഇളവ് നൽകിയ മന്ത്രിസഭ ശിപാർശ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശിപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അര്‍ഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്.

20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് വിവാദത്തിൽ കലാശിച്ചത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചില്ല.

2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതി ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്.

ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോൺ കോളുകൾ പോയത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.

Tags:    
News Summary - Bhaskara Karanavar murder case Accuce Sherin beat fellow inmate in Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.