പണിമുടക്ക് ദിനത്തിൽ തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് സഞ്ചരിച്ച കാർ അങ്കമാലി ടൗണിൽ സമരാനുകൂലികൾ തടഞ്ഞപ്പോൾ

‘തൊഴിലാളികളെ സമരത്തിന് പറഞ്ഞുവിട്ട് നേതാക്കൾ സുഖയാത്ര ചെയ്യുന്നോ?’; പണിമുടക്ക് വകവെക്കാതെ കാറിൽ പോയ തൃശൂർ മേയറെ അങ്കമാലിയിൽ സമരക്കാർ തടഞ്ഞു

അങ്കമാലി: പണിമുടക്ക് ദിനത്തിൽ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ച തൃശൂർ മേയർ എം.കെ. വർഗീസിനെ അങ്കമാലിയിൽ സമരക്കാർ തടഞ്ഞ് വഴിതിരിച്ചുവിട്ടു. രാവിലെ 10നാണ് എറണാകുളത്തേക്ക് പോവുകയായിരുന്ന വാഹനം അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞത്.

പ്രകടനം നടത്തിയ ശേഷം പ്രതിഷേധയോഗം ചേരുന്നതിനിടെയായിരുന്നു സംഭവം. തൊട്ട് പിറകിൽ വന്ന ചരക്ക് ലോറികളും തടഞ്ഞു. എൽ.ഡി.എഫ് മേയറാണെന്ന് അറിഞ്ഞതോടെ ചില നേതാക്കൾ ഇടപെട്ട് വാഹനം കടത്തിവിടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കാർ വളഞ്ഞ് ബഹളം വെച്ചു. തൊഴിലാളികളെ സമരത്തിന് പറഞ്ഞുവിട്ട് നേതാക്കളുടെ സുഖയാത്ര പോകുകയാണോ എന്നും ഇത് നാണക്കേടാണെന്നും പ്രവർത്തകർ വിളിച്ച് പറഞ്ഞു.

അനുരജ്ഞനത്തിന് വന്ന ചില നേതാക്കളേയും തൊഴിലാളികൾ ആക്ഷേപിച്ചു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി വാഹനം കടത്തിവിടാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ സമ്മതിച്ചില്ല. അതോടെ പിന്നോട്ടെടുത്ത് അങ്ങാടിക്കടവ് കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ടി.ബി ജങ്ഷൻ വഴിയാണ് പിന്നെ സഞ്ചരിച്ചത്.

കാൽനടയായി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീട്ടിൽനിന്ന് പാർട്ടി ഓഫിസിലേക്ക് കാൽനടയായെത്തി മന്ത്രി വി. ശിവൻകുട്ടി. ഔദ്യോഗിക വസതിയായ റോസ് ഹൗസിൽനിന്ന് മേട്ടുക്കടയിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലേക്കാണ് മന്ത്രി നടന്നെത്തിയത്. പണിമുടക്കിനെ ജനം ഏറ്റെടുത്തതായും കേരളത്തിൽ തൊഴിലാളി വിരുദ്ധ നിയമങ്ങൾ നടപ്പാക്കില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പറയുന്നത് ശരിയല്ലെന്നും ആറുമാസം മുമ്പേ പ്രഖ്യാപിച്ചതാണെന്നും ശിവൻകുട്ടി പറഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണം അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്. ഇടതുമുന്നണി സമരത്തിന് അനുകൂലമാണ്. ഇക്കാര്യം പ്രസ്താവനയായി വന്നിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

Tags:    
News Summary - bharath bandh: protesters blocked thrissur mayor mk varghese car journy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.