കൊച്ചി: അവളോടൊപ്പം എന്ന് പറഞ്ഞശേഷം അവനൊപ്പം സഞ്ചരിച്ച ഫെഫ്കയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ രാജിവെച്ചതെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട സമയത്ത് ചാനൽ ചർച്ചകളിൽ അതിജീവിതക്കൊപ്പം നിൽക്കുന്നുവെന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞത്. അത് അഭിമാനത്തോടെയാണ് അന്ന് കേട്ടുനിന്നത്.
20,000 അംഗങ്ങളുള്ള ഫെഫ്ക വലിയൊരു സംഘടനയാണ്. അവർ ഒപ്പം നിൽക്കുന്നുവെന്ന് പറയുമ്പോൾ അതിജീവിതക്ക് കിട്ടുന്ന ആശ്വാസം വലുതായിരുന്നു. എന്നാൽ മൂന്നാ നാലോ മാസത്തിനുള്ളിൽ പ്രതിസ്ഥാനത്തുള്ള വ്യക്തിയെ വെച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബാലൻ വക്കീൽ എന്ന സിനിമ ചെയ്തു. ഈ സിനിമ ചെയ്യരുതെന്നും ഇരട്ടത്താപ്പ് കാണിക്കരുതെന്നും അദ്ദേഹത്തോട് താൻ പലതവണ ആവശ്യപ്പെട്ടതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇപ്പോൾ വന്നിരിക്കുന്നത് അന്തിമ വിധിയല്ല. ഇവിടെ ഇനിയും കോടതികളുണ്ട്. ഇനിയും പല കാര്യങ്ങൾ കോടതികൾ അറിയാനുണ്ട്. ഇതെല്ലാം ഉള്ളപ്പോഴാണ് വർഷങ്ങൾക്കു ശേഷം നമ്മുടെ ഒരു ബന്ധു വീട്ടിലേക്ക് തിരിച്ചുവരുന്ന മാതിരിയുള്ള ഒരു സ്വീകരണം നൽകുന്നത്. അത് സഹിക്കാൻ പറ്റിയില്ല. പ്രതിഷേധം രേഖപ്പെടുത്താനുള്ള വഴിയായാണ് താൻ രാജിവെച്ചതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.