നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെ ഒമ്പതുപേർ അറസ്​റ്റിൽ

പത്തനംതിട്ട: നിരോധനാജ്​ഞ ലംഘിച്ച് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണ​​​െൻറ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘത്തെ നിലക്കലിൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബി.ജെ.പി പ്രവർത്തകർ നിലക്കലിൽ എത്തിയത്. ഇവർ വരുന്നതറിഞ്ഞ് പൊലീസ് എല്ലാ തയാറെടുപ്പോടെയും നിലയുറപ്പിച്ചിരുന്നു. രണ്ടു വാഹനത്തിലാണ്​ ഇവർ എത്തിയത്​. ഇലവുങ്കലിൽ പൊലീസ്​ ഇവരുടെ വാഹനം പരിശോധിച്ച്​ നിലക്കലിലേക്ക്​ കടത്തിവിട്ടു. നിലക്കലിൽ വാഹനം തടഞ്ഞ്​ സന്നിധാന​െത്തത്തി ആറു​ മണിക്കൂറിനകം മടങ്ങണമെന്ന് കാട്ടി പൊലീസ് നോട്ടീസ് നൽകി. എന്നാൽ, നോട്ടീസ്​ കൈപ്പറ്റാൻ ഇവർ തയാറായില്ല. തുടർന്ന്​ ഇവർ പ്രതിഷേധത്തിനൊരുങ്ങി.

നിലക്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണെന്നും പ്രതിഷേധം പാടില്ലെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. സ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിച്ച ഇവരെ അറസ്​റ്റ്​ ചെയ്‍ത് നീക്കുകയായിരുന്നു. പൊലീസ് വാനിൽ കയറ്റി ഇവരെ പെരുനാട് സ്​റ്റേഷനിൽ എത്തിച്ചു. ഭരണാധികാരികൾ ധാർഷ്​ട്യത്തോടെ പെരുമാറുകയാണെന്നും പൊലീസ് നൽകിയ നോട്ടീസ് അംഗീകരിക്കാൻ കഴിയില്ലെന്നും ബി. ഗോപാലകൃഷ്ണൻ പൊലീസ്​ വാഹനത്തിലിരുന്ന്​ പറഞ്ഞു. ധിക്കാരിയായ ഭരണാധികാരിക്കെതിരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല സമരം വീണ്ടും ശക്തമാക്കാനുള്ള ബി.ജെ.പി തീരുമാനത്തി​​​െൻറ ഭാഗമാണ്​ പ്രതിഷേധമെന്ന്​ സൂചനയുണ്ട്​. ബി.ജെ.പി ശബരിമല സമരം അവസാനിപ്പിച്ചെന്ന സംസ്ഥാന അധ്യക്ഷ​​​െൻറ പ്രസ്‍താവനക്കെതിരെ ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്​ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്​ സംസ്ഥാന നേതൃത്വം. ഞായറാഴ്​ച ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിക്കിടെ വേദിയിൽ നുഴഞ്ഞുകയറിയ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.

ശബരിമല: ബി.ജെ.പി സംഘം ഗവർണറെ കണ്ടു
കൊച്ചി: ശബരിമല വിഷയത്തിൽ വിവരം ശേഖരിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിയോഗിച്ച പ്രത്യേകസംഘം ഗവർണറെ കണ്ടു. ബി.ജെ.പി കോർ കമ്മിറ്റി അംഗങ്ങൾ, വിവിധ ഹിന്ദുസംഘടന നേതാക്കൾ, ശബരിമലയിലെ സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ടവർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഗവർണർ പി. സദാശിവത്തെ സന്ദർശിച്ച്​ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കാൻ നടപടി ആവശ്യപ്പെട്ട്​ നിവേദനം നൽകി.

തീർഥാടകർ സംഘങ്ങളായി വരുന്ന ശബരിമലയിൽ നിരോധനാജ്ഞ ചുമത്താനുള്ള തീരുമാനം നീതീകരിക്കാനാവില്ലെന്ന് നിവേദനത്തിൽ പറഞ്ഞു. ബസുകൾ പമ്പയിലേക്കും അനുവദിക്കണം. നിരോധനാജ്ഞയുടെ പേരിൽ പൊലീസ് തീർഥാടകരെ പീഡിപ്പിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ നിരവധി തെറ്റായ കേസുകൾ ചുമത്തിയിട്ടുണ്ടെന്നും സംഘം ആരോപിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാൻ വിഷയം മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്താമെന്ന് ഗവർണർ സംഘത്തിന്​ ഉറപ്പുനൽകി.

ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എം.പിയുടെ നേതൃത്വത്തിലാണ് ഗവർണറെ സന്ദർശിച്ചത്. എം.പിമാരായ പ്രഹ്ലാദ് ജോഷി, വിനോദ് സോങ്കാർ, നളിൻ കുമാർ കട്ടീൽ, വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചക്കുശേഷം വിവിധ ഹിന്ദു സംഘടനകളിലെ 75 പ്രതിനിധികളുമായി സംഘം കൂടിക്കാഴ്​ച നടത്തി വിവരം ആരാഞ്ഞു. ഇവിടെനിന്ന്​ ശേഖരിച്ച വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് ദേശീയ അധ്യക്ഷന് കൈമാറുമെന്ന് സരോജ് പാണ്ഡേ എം.പി വ്യക്തമാക്കി. ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യമാണ്. കടുത്ത ഭരണഘടനലംഘനമാണ് അവിടെ നടക്കുന്നത്.ആവശ്യമായ ഒരുഅടിസ്ഥാനസൗകര്യവും ഒരുക്കിയിട്ടില്ല. ഇതി​​െൻറ ഫലമായി തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഗവർണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിച്ച സരോജ് പാണ്ഡേ പറഞ്ഞു. തുടർന്ന്​, തന്ത്രികുടുംബവുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും കൂടിക്കാഴ്​ചക്ക്​ പുറപ്പെട്ട സംഘം തിങ്കളാഴ്​ച ജയിലിൽ കെ. സുരേന്ദ്രനെ സന്ദർശിക്കും.

Tags:    
News Summary - B.Gopala krishnan in police custody-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.