ബേപ്പൂരിലും മഞ്ചേരിയിലും ഫിഫ നിലവാരത്തിൽ സ്റ്റേഡിയങ്ങൾ വരുന്നു

തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂരിലും മലപ്പുറം മഞ്ചേരിയിലും ഫിഫ നിലവാരത്തിൽ സ്റ്റേഡിയങ്ങൾ നിർമിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. രൂപരേഖ പൂർത്തിയായതായും 60 കോടി വീതം ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയം നിർമാണം ഒന്നരവർഷംകൊണ്ട് പൂർത്തിയാകുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മഞ്ചേരി പയ്യനാട് നിലവിലുള്ളത് പ്രാക്ടീസ് സ്റ്റേഡിയമാക്കിയശേഷം തൊട്ടടുത്തായാണ് പുതിയത് പണിയുക. ബേപ്പൂരിൽ 20 ഏക്കർ ഭൂമിയിൽ സ്പോർട്സ് ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പെടെയാണ് വിഭാവനം ചെയ്യുന്നത്.

ഫിഫ യോഗ്യതാ മത്സരങ്ങൾക്ക് കേരളത്തിലെ സ്റ്റേഡിയങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ചർച്ച നടത്തിയെങ്കിലും അവരുടെ മാനദണ്ഡപ്രകാരം അനുയോജ്യമായ സ്റ്റേഡിയം ചൂണ്ടിക്കാണിക്കാനായില്ല. ഈ സാഹചര്യത്തിലാണ് രണ്ടിടത്ത് ഫിഫ നിലവാരത്തിൽ സ്റ്റേഡിയം പണിയാൻ തീരുമാനിച്ചത്. സ്പോർട്സ് പാർക്കിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് വ്യവസായ സംരംഭങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യവും അനുവദിക്കും.

അന്തർദേശീയ കായിക ഉച്ചകോടി കാര്യവട്ടത്ത്

തിരുവനന്തപുരം: 24 രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി അന്തർദേശീയ കായിക ഉച്ചകോടിക്ക് ജനുവരി രണ്ടാം വാരം തലസ്ഥാനം വേദിയാകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നാലുദിവസ ഉച്ചകോടി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊന്ന്. കേരളത്തിലെ കായിക പുരോഗതിക്കായുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. പഞ്ചായത്തുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള കായിക പരിശീലനം ആരംഭിക്കുന്ന മൈക്രോലെവൽ സ്പോർട്സാണ് ലക്ഷ്യമിടുന്നത്. ഒരു പഞ്ചായത്തിൽ ആറ് പരിശീലകരെ അനുവദിക്കും.

‘ഷവർമ കഴിച്ചത്ധൂർത്താകുമോ’

തിരുവനന്തപുരം: 80 രൂപയുടെ ഷവർമ കഴിച്ചതിൽ ധൂർത്തും അഴിമതിയും ആരോപിച്ച് കത്തെഴുതിയാൽ എന്ത് മറുപടി നൽകുമെന്നും സ്പോർട്സ് കൗൺസിലിനെതിരായ ആരോപണങ്ങൾ ഗൗരവമില്ലാത്തതെന്നും മന്ത്രി വി. അബ്ദുറഹ്മാൻ.

വയനാട് ഹോട്ടലിൽ മുറിയെടുത്തതാണ് മറ്റൊരു ആരോപണം. ഔദ്യോഗിക ആവശ്യത്തിന് വയനാട്ടിലെത്തുന്ന സ്പോർട്സ് കൗൺസിൽ ഭാരവാഹിക്ക് മുറിയെടുക്കാതെ റോഡിൽ കിടന്ന് ഉറങ്ങാനാകുമോ. ഇത്തരം പരാതികൾ മുഖവിലക്കെടുത്തിട്ട് കാര്യമില്ല. ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൗൺസിലിനുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Beypore and Manjeri are coming up with FIFA standard stadiums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.