സൂക്ഷിക്കണേ, തിങ്കളാഴ്ച തലസ്ഥാനത്ത് തൃശൂര്‍ പുലി'യിറങ്ങും

കോഴിക്കോട് :ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച (സെപ്തംബര്‍ അഞ്ച്) തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. രാവിലെ 10ന് കനകക്കുന്നില്‍ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കളിക്കിറങ്ങും.

വര്‍ഷങ്ങളായി നാലാം ഓണദിവസം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെത്തുന്നത്. വിവിധ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന സംഘവും ഓണസന്ദേശവുമായി പുലികള്‍ക്കൊപ്പമുണ്ടാകും. ചെണ്ടയുടെ വന്യമായ താളത്തില്‍ നൃത്തം ചെയ്യുന്ന തൃശൂരിലെ പുലികള്‍ തലസ്ഥാനവാസികള്‍ക്ക് പുതുമയാകും. പരമ്പരാഗത രീതിയില്‍ ഓണക്കാലത്ത് തൃശൂരില്‍ കളിക്കിറങ്ങുന്ന 'സൂപ്പര്‍ സ്റ്റാര്‍' പദവിയുള്ള പുലികളെയാണ് ഉത്തവണ ഓണാഘോഷത്തിന് തിരുവനന്തപുരത്തെത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

തലസ്ഥാനം ആഘോഷതിമിര്‍പ്പിലേക്ക്, ഓണം ട്രേഡ് ഫെയറിന് ശനിയാഴ്ച കൊടിയേറും

സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്സിബിഷനും ശനിയാഴ്ച വൈകീട്ട് ഏഴിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.എല്‍.എമാരായ കെ.ആന്‍സലന്‍, വി.കെ.പ്രശാന്ത്, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍.എസ് തുടങ്ങിയവരും പങ്കെടുക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയാണ് ട്രേഡ് ഫെയറിന്റെ പ്രധാന ആകര്‍ഷണം. കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്തുവരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കലാപരിപാടികളും നഗരത്തിലെ വൈദ്യുത ദീപാലങ്കാരവും കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വിധമാണ് ട്രേഡ് ഫെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ കനക്കുന്നിലെ നാലോളം വേദികളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.

Tags:    
News Summary - Beware, 'Thrissur Tiger' will hit the city on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.