കൊച്ചി: നടി ലീന മരിയ പോളിെൻറ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനുനേരെ വെടിവെപ്പ് നടത്തിയ കേസ് അന്വേഷണത്തിെൻറ ഭാഗമായി അധോലോക കുറ്റവാളി രവി പൂജാരിയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇൻറർപോളിന് കത്തയച്ചു. വെടിവെപ്പ് കേസിൽ പൂജാരിയെ പ്രതിചേർക്കാൻ തീരുമാനിച്ചതിന് പിന്നാലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സി.ബി.െഎ മുഖേന പൊലീസ് നീക്കം.
രവി പൂജാരി സെനഗലിൽനിന്ന് ഇൻറർപോൾ പിടിയിലായതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഇൗ സാഹചര്യത്തിൽ പൂജാരി അറസ്റ്റിലായിട്ടുണ്ടോ, ഉണ്ടെങ്കിൽ എന്ന് ഏത് കേസിൽ, കേസിെൻറ മറ്റു വിശദാംശങ്ങൾ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിെൻറ അന്വേഷണത്തിന് പൂജാരിയെ വിട്ടുകിട്ടാനുള്ള സാധ്യതകൾ തുടങ്ങിയ വിവരങ്ങൾ ആരാഞ്ഞാണ് ഇൻറർപോളിനെ സമീപിച്ചത്. ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ പൂജാരിയെ പ്രതിയാക്കിയിട്ടുണ്ടെങ്കിലും എത്രാമത്തെ പ്രതിയാണെന്ന് തീരുമാനിച്ചിട്ടില്ല. അറസ്റ്റ് സംബന്ധിച്ച് ഇൻറർപോൾ രേഖാമൂലം വ്യക്തമായ മറുപടി നൽകിയാലേ ഇക്കാര്യങ്ങളിൽ തുടർനടപടിയെടുക്കാനാകൂ.
വെടിവെപ്പ് കേസിലെ മുഖ്യ സൂത്രധാരൻ പൂജാരി തന്നെയാണെന്നാണ് പൊലീസ് നിഗമനം. ലീന മരിയ പോളിനും സംഭവത്തിനുശേഷം സ്വകാര്യ ചാനലിലേക്കും എത്തിയ ഭീഷണി ഫോൺകോളുകൾ പൂജാരിതന്നെ ചെയ്തതാണെന്നും പൊലീസ് ഉറപ്പിക്കുന്നു. വെടിവെപ്പ് നടത്തിയവർ സ്ഥലത്ത് ഉപേക്ഷിച്ചുകടന്ന കടലാസിൽ രവി പൂജാരിയുടെ പേര് എഴുതിയിരുന്നതാണ് അന്വേഷണം ഇയാളിലേക്ക് എത്തിച്ചത്. ഇതിനിടെ, പൂജാരിയെ ഇന്ത്യയിൽ എത്തിക്കാൻ റോയും ഇൻറലിജൻസ് ബ്യൂറോയും നീക്കം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.