ബാർ കോഴ: മാണിക്ക് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് വീണ്ടും തള്ളി

തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. മാണി കൈകൂ ലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള മൂന്നാമത്തെ റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി തള്ളിയത്. കോഴ കേസിന്‍റെ അന്വേഷണം പൂർണതയിൽ എത്തിയിരുന്നില്ല. അതിനാൽ പൂർണ റിപ്പോർട്ടല്ല കോടതിയുടെ മുമ്പാകെ വന്നിട്ടുള്ളത്. അതിനാൽ റഫർ റിപ്പോർട്ട് തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാവും കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കുക. ഭേദഗതി പ്രകാരം ഗൗരവതരമായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ മുൻകൂർ അനുമതി നൽകേണ്ടതുണ്ട്. അതിനാൽ പ്രോസിക്യൂഷന് വേണ്ട അനുമതി സർക്കാറിനെ സമീപിച്ച് വാങ്ങണമെന്ന് വിജിലൻസ് സംഘത്തോട് കോടതി നിർദേശിച്ചു. അനുമതി വാങ്ങിയ വിവരം ഡിസംബർ പത്തിന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കേസ് പരിഗണിക്കുന്നത് ഡിസംബർ പത്തിലേക്ക് മാറ്റി.

പൂട്ടിയ ബാറുകൾ തുറക്കാനായി ധനമന്ത്രി‍യായിരുന്ന കെ.എം. മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് കോഴയാരോപണം പുറത്തുവന്നത്. തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ വിൽസൻ എം. പോളിന് കത്ത് നൽകി. പ്രാഥമിക പരിശോധനക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തു.

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്ന് എസ്.പിയായിരുന്ന ആര്‍. സുകേശൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മാണിക്കെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് കോടതിയിൽ നിലനിൽക്കില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ മാണിയെ കുറ്റമുക്തനാക്കാൻ വേണ്ടി 2015ൽ ആദ്യ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. വിജിലൻസ് ഡയറക്ടറെ രൂക്ഷമായി വിമർശിച്ച ജഡ്ജി ആദ്യ റിപ്പോർട്ട് തള്ളുകയായിരുന്നു. മാണിയുടെ പാലായിലെ വീട്ടിൽ കൊണ്ടു പോയി 50 ലക്ഷം രൂപ നൽകിയതിന് തെളിവുണ്ടാക്കണം, ബാറുടമ ബിജു രമേശ് നൽകിയ ശബ്ദരേഖ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്.

ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടറായിരിക്കെ സുകേശൻ തന്നെ തുടരന്വേഷണം നടത്തുകയും തെളിവുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാമത്തെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ശേഷം ഇടത് സർക്കാർ ഭരണത്തിൽ വരികയും ജേക്കബ് തോമസ് വിജിലൻസിന്‍റെ മേധാവിയാവുകയും ചെയ്തു. തുടർന്ന് ബാർ കോഴ കേസിൽ ശരിയായ നിലയിൽ അന്വേഷണം നടത്താൻ സാധിച്ചില്ലെന്ന നിലപാട് ചൂണ്ടിക്കാട്ടി സുകേശൻ തന്നെ അപേക്ഷ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, കോടതി തുടരന്വേഷണത്തിൽ വീണ്ടും ഉത്തരവിടുകയായിരുന്നു.

മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ വി.എസ് അച്യുതാനന്ദൻ, വി.എസ് സുനിൽകുമാർ, ബി.ജെ.പി നേതാവ് വി.മുരളീധരൻ, സി.പി.ഐ അഭിഭാഷക സംഘടന എന്നിവരാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്.

Tags:    
News Summary - Bar Scam: Vigilance Court Reject KM Mani Support Report -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.