കേരളത്തിൽ ഡൽഹി മോഡൽ ബാർകോഴ: കെജരിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി രാജിവെക്കുന്നതാണ് നല്ലത് -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജരിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലത്.

സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ ഈ സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തിൽ മുക്കികൊല്ലും.

യു.ഡി.എഫ് സർക്കാരിന്റേതിന് സമാനമായ രീതിയിലാണ് എൽ.ഡി.എഫും മുന്നോട്ട് പോകുന്നത്. ഡൽഹി ബാർക്കോഴ കേസിൽ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പിന്തുണച്ച് കോൺഗ്രസും സി.പി.എമ്മും രംഗത്ത് വന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യജീവിതം തകർക്കുന്ന ബാർക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - bar scam: K surendran against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.