ആന്‍റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാൻ ബാർ കൗൺസിൽ; അഭിഭാഷക ജോലിയിൽ നിന്ന് പിരിച്ചുവിടും

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കേരള ബാര്‍ കൗണ്‍സില്‍. ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാർ കൗൺസിൽ. വിഷയം ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി സ്വമേധയാ പരിശോധിക്കും.

മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുന്നത്. നടപടികളുടെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ട ശേഷം അച്ചടക്ക നടപടികളിലേക്ക് ബാര്‍ കൗണ്‍സില്‍ കടക്കും. അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം. ആന്റണി രാജുവിന്റെ നടപടി നാണക്കേടുണ്ടാക്കിയെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍.

കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതോടെ മുന്‍ മന്ത്രി കൂടിയായ ആന്റണി രാജുവിന് എം.എൽ.എ സ്ഥാനവും നഷ്ടപ്പെട്ടു. അപ്പീലിലൂടെ അനുകൂല വിധി നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആറ് വര്‍ഷത്തേക്ക് ആന്റണി രാജുവിന് മത്സരിക്കാനാകില്ല.

കേസിലെ ഒന്നാം പ്രതിയായ റിട്ട. കോടതി ജീവനക്കാരന്‍ കെ.എസ് ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ലഹരി മരുന്ന് കേസില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. അടിവസ്ത്രം തൊണ്ടി മുറി ക്ലാര്‍ക്കായിരുന്ന ഒന്നാം പ്രതി ജോസിന്റെ സഹായത്തോടെ കൈക്കലാക്കുകയും ചെറുതാക്കിയ ശേഷം തിരികെ വെച്ചുവെന്നുമാണ് ആന്റണി രാജുവിനെതിരായ കേസ്. ഈ കേസിലാണ് ആന്‍റണി രാജു ശിക്ഷിക്കപ്പെട്ടത്. 

Tags:    
News Summary - Bar Council to file suo motu case against Antony Raju; Will dismiss him from his legal profession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.