കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മെറിറ്റ് സീറ്റിൽ ബാങ്ക് ഗാരൻറി വാങ്ങാതെ പ്രവേശനം നൽകണമെന്ന് ഹൈകോടതി. ആദ്യ വർഷത്തെ ഫീസ് പണമായും ശേഷിക്കുന്ന വർഷങ്ങളിലെ ഫീസ് ബാങ്ക് ഗാരൻറിയും നൽകണമെന്ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് അധികൃതരുടെ നിലപാടിനെതിരെ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനി നവ്യ രാജീവ് നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
കോളജിൽ പ്രവേശനം ലഭിച്ച ഹരജിക്കാരിയോട് ജൂൈല 12നകം അഡ്മിഷൻ എടുക്കാനുള്ള നിർദേശമാണ് അധികൃതർ നൽകിയത്. അഡ്മിഷൻ സമയത്ത് തന്നെ രണ്ടാം വർഷം മുതലുള്ള നാല് വർഷത്തെ ഫീസ് ബാങ്ക് ഗാരൻറിയായി നൽകാനും ആവശ്യപ്പെട്ടു. എന്നാൽ, ഇത് നൽകാനാവില്ലെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. അഞ്ച് വർഷത്തെയും ഫീസ് ഉറപ്പാക്കാൻ മുഴുവൻ തുകയും ബാങ്ക് ഗാരൻറിയായി വാങ്ങാൻ അനുവദിക്കണമെന്ന സ്വാശ്രയ മാനേജ്മെൻറിെൻറ ആവശ്യം കോടതി മുമ്പാകെ ഉണ്ടെങ്കിലും ഇതിന് അനുമതി നൽകിയിട്ടില്ലെന്ന് പ്രവേശന മേൽനോട്ട ഫീസ് നിർണയ സമിതി കോടതിയെ അറിയിച്ചു. ആദ്യ വർഷത്തെ ഫീസ് മാത്രമേ ആവശ്യപ്പെടാനാവൂവെന്ന് സർക്കാർ അഭിഭാഷകനും അറിയിച്ചു. തുടർന്നാണ് ബാങ്ക് ഗാരൻറിയില്ലാതെ പ്രവേശനം നൽകാൻ കോടതി നിർദേശിച്ചത്. ഹരജിയിലെ തീർപ്പിന് വിധേയമായാണ് ഉത്തരവ്.
അമിത ഫീസ് ആവശ്യപ്പെട്ട് മാനേജ്മെൻറ്; കുട്ടികൾ കോടതി കയറിയപ്പോൾ തിരുത്ത്
കൊല്ലം: മെഡിക്കൽ പ്രവേശനത്തിനെത്തിയ വിദ്യാർഥികളോട് കരാറിന് വിരുദ്ധമായി അമിത ഫീസ് ആവശ്യപ്പെട്ട് മാനേജ്മെൻറിെൻറ ക്രൂരത. സർക്കാറിെൻറ ആദ്യ അലോട്ട്മെൻറ് പട്ടികപ്രകാരം തിങ്കളാഴ്ച കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ (മെഡിസിറ്റി) എത്തിയ കുട്ടികളും രക്ഷാകർത്താക്കളും മാനേജ്മെൻറിെൻറ നിലപാട് കാരണം വലഞ്ഞു. അഞ്ചുവർഷത്തെ ബാങ്ക് ഗ്യാരൻറിയില്ലാതെ പ്രവേശനം നല്‍കാനാവില്ലെന്ന് വിദ്യാർഥികളെ അറിയിച്ച കോളജ് അധികൃതർ സ്പെഷല്‍ ഫീസിനത്തില്‍ രണ്ട് ലക്ഷം രൂപയും ആവശ്യപ്പെട്ടു.
ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെട്ടവർക്ക് ആറുമുതൽ 12 വരെ പ്രവേശനം നേടാമെന്ന എൻട്രൻസ് കമീഷെൻറ നിർദേശം വിശ്വസിച്ച് കോളജിലെത്തിയ കുട്ടികളോട് 12ന് മാത്രം പ്രവേശനം നൽകിയാൽ മതിയെന്നാണ് മാനേജ്മെൻറ് തീരുമാനമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർഥികൾ കോളജിന് പുറത്ത് പ്രതിഷേധിച്ചെങ്കിലും നിലപാടിൽ മാനേജ്മെൻറ് ഉറച്ചുനിന്നു.
പ്രതിഷേധം തുടരുന്നതിനിടെ വിദ്യാർഥികളിൽ ചിലർ പ്രവേശനപരീക്ഷ കമീഷണറേറ്റുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. കൂടാതെ, അമിത ഫീസ് ആവശ്യപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി ചിലർ പരാതിയും നൽകി. എന്‍ട്രന്‍സ് കമീഷണര്‍ നല്കിയ അലോട്ട്മെൻറ് മെമ്മോക്ക് വിരുദ്ധമായി മാനേജ്മെൻറുകള്‍ ബാങ്ക് ഗ്യാരൻറി ആവശ്യപ്പെടുന്നെന്ന് ആരോപിച്ച് ഒരു വിദ്യാർഥിനി ഹൈകോടതിയെയും സമീപിച്ചു. ഹരജി പരിഗണിച്ച കോടതി, വിദ്യാര്‍ഥികളില്‍നിന്ന് ബാങ്ക് ഗ്യാരൻറി വാങ്ങരുതെന്ന് ഉത്തരവിട്ടതോടെ മാനേജ്മെൻറ് അയഞ്ഞു. തുടർന്ന്, വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഉചിത നിലപാട് സ്വീകരിക്കുമെന്ന് വിദ്യാർഥികളെ അറിയിച്ചു. വരുംദിവസങ്ങളിൽ നിയമപ്രകാരം അഡ്മിഷൻ നടക്കുമെന്ന് മാനേജ്െമൻറ് ഉറപ്പും നൽകി. അതോടെയാണ് മണിക്കൂറുകൾ നീണ്ട പ്രശ്നങ്ങൾക്ക് പരിഹാരമായത്.
മാനേജ്മെൻറിെൻറ ആദ്യനിലപാട് പ്രകാരം 12ന് മാത്രം പ്രവേശനം നടത്തിയാൽ കുട്ടികളിൽ പലർക്കും അവസരം നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. നൽകുന്ന രേഖകളിൽ ചെറിയ പാകപ്പിഴ ഉെണ്ടങ്കിൽ അത് പരിഹരിക്കാൻ അവസരമില്ലാതെവരികയും പ്രവേശനം കിട്ടാതാകുകയും െചയ്യും. ഇതാണ് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ആശങ്കയിലാക്കിയത്.
അതേസമയം, തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അമിത ഫീസ് ആവശ്യപ്പെട്ടില്ലെന്നും മാനേജ്മെൻറ് പ്രതിനിധി ഡോ. ഫൈസൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.