തൂക്കണാംകുരുവികൾ കൂട്ടത്തോടെ കൂടുവെച്ച സൗത്ത് പല്ലാറിലെ തെങ്ങുകളിൽ ഒന്ന്
തിരുനാവായ: ദേശാടനപ്പക്ഷികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സൗത്ത് പല്ലാർ ഗ്രാമത്തിൽ തൂക്കണാം കുരുവികൾ (ബായാ വീവർ) കൂട്ടമായി കൂടൊരുക്കിയത് മനോഹര കാഴ്ചയായി. ആറ്റക്കുരുവി, കൂരിയാറ്റ എന്നീ പേരുകളിൽ അറിയപ്പെടുന്ന, അങ്ങാടിക്കുരുവിയുടെ വലുപ്പമുള്ള ഇവ പൊതുവേ വയലുകൾക്കു സമീപമാണ് കാണപ്പെടുന്നത്. ഇളംമഞ്ഞയും മണ്ണിന്റെ നിറവുമുള്ള ഇവയിൽ പ്രജനനകാലത്ത് ആൺപക്ഷിക്ക് തലയിലും കഴുത്തിലും തിളക്കമുള്ള കടുംമഞ്ഞ നിറമായിരിക്കും.
സൗത്ത് പല്ലാറിലെ ചേരാകൊക്കൻ കോളനിക്കു സമീപത്തെ സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിൽ തെങ്ങോലകളിലാണ് കൂട്ടമായി ഇവ കൂടുവെച്ചിരിക്കുന്നത്. പക്ഷിസങ്കേതത്തിനടുത്തുള്ള ഉയരമുള്ള തെങ്ങിൽ നെല്ലോലകൊണ്ടും പുൽനാരുകൾകൊണ്ടും സുന്ദരമായാണ് ഇവ കൂട് നെയ്തെടുക്കുന്നത്. ഒരു മീറ്ററിലധികം നീളമുള്ള കൂടുകൾ വരെ ഇവിടെ കാണുന്നുണ്ട്.
ഒരു തെങ്ങിൽതന്നെ വിവിധ വലുപ്പത്തിലുള്ള അമ്പതിലധികം കുടുകൾ ഉള്ളതായി പ്രാദേശിക പക്ഷി നിരീക്ഷകനും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ പറയുന്നു. നാര് കൊണ്ട് തൂക്കിയിട്ട രണ്ട് അറകളുള്ള കൂടുകൾ ഉറപ്പും ഈടും ഉള്ളതാണ്. ഈ സീസണിൽ മരത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് കൂടുവെക്കുന്നതെന്ന് സൽമാൻ പറയുന്നു.
ഒന്നിലധികം ഇണകളെ സ്വീകരിക്കുന്ന തൂക്കണാംകുരുവികൾ ഓരോ ഇണക്കുവേണ്ടിയും വെവ്വേറെ കൂടൊരുക്കുന്നു. നാലാഴ്ചയോളമെടുക്കുന്ന കൂട് നിർമാണത്തിന് ആൺപക്ഷിയാണ് നേതൃത്വം നൽകുന്നത്. ഇണയെ കണ്ടെത്തിയശേഷമാണ് കൂട് നിർമാണം ആരംഭിക്കുക. ആയിരത്തിലധികം നാരുകൾ ഇതിനായി ഇവ ശേഖരിക്കും. പെൺപക്ഷി കൂടുനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരിശോധക്കെത്തും. പരിശോധനയിൽ ഏതെങ്കിലും തരത്തിൽ ബലക്ഷയം കണ്ടെത്തുകയാണെങ്കിൽ ആ കൂട് ഉപേക്ഷിക്കുകയാണ് ചെയ്യുക. അതിനുശേഷം ആൺപക്ഷി അടുത്ത കൂടിന്റെ നിർമാണം തുടങ്ങും.
പന, തെങ്ങ്, മുളങ്കൂട്ടം പോലുള്ളവയിലാണ് ഇവ കൂടുവെക്കുന്നത്. സൗത്ത് പല്ലാറിൽ ഇവ തെങ്ങുകളിൽ മാത്രമാണ് കൂടുവെച്ച് കണ്ടിട്ടുള്ളതെന്ന് പക്ഷി നിരീക്ഷകരായ ശ്രീനില, മുഹമ്മദ് ഫായിസ്, എം. സ്വാദിഖ് എന്നിവരും പറയുന്നു. പ്രദേശവാസികളും അയൽപക്ക വീട്ടുകാരും ഇവർക്ക് നൽകുന്ന സംരക്ഷണം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.