നെയ്യാറ്റിൻകര: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം. വിൻസെൻറിന് ജാമ്യമില്ല. പ്രതിക്ക് വലിയ സ്വാധീനമുള്ളതിനാൽ പരാതിക്കാരിയുടെ ജീവനുപോലും ഭീഷണിയുണ്ടാവുമെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച് നെയ്യാറ്റിൻകര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ, എം.എൽ.എയെ നെയ്യാറ്റിൻകര സബ്ജയിലിലേക്ക് മാറ്റി. വിധിക്കെതിരെ വിൻസെൻറ് മേൽകോടതിയെ സമീപിക്കും. എം.എൽ.എക്കെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.
ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്നും തെളിവ് നശിപ്പിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരിയെ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ചപ്പോൾ ചീമുട്ടയെറിഞ്ഞതും പ്രതിഷേധിച്ചതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, പീഡനം നടന്നതിന് തെളിവില്ലെന്നും ഫോൺ സംഭാഷണം വിൻസെൻറിേൻറത് തന്നെയെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഗൂഢാേലാചനയാണ് അറസ്റ്റിന് പിന്നിലെന്നും ജാമ്യംനൽകണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ, എം.എൽ.എയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയെങ്കിലും തെളിവെടുപ്പിന് കൊണ്ടുവന്നില്ല. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഭയന്നാണ് തെളിവെടുപ്പിൽനിന്ന് പൊലീസ് പിന്മാറിയത്. നെടുമങ്ങാട് ഡിവൈ.എസ്.പി ഓഫിസിൽ ചോദ്യംചെയ്ത ശേഷം ബുധനാഴ്ച രാവിലെ 8.30ന് നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
തുടർന്ന് 11ഒാടെ കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിത ബീഗം ചോദ്യംചെയ്തു. എം.എൽ.എയുടെ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാനും പൊലീസ് തീരുമാനിച്ചു. വിൻസെൻറിനെതിരായ ഗൂഢാേലാചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.