ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയോട് ക്ഷോഭിച്ചലറി ദേവസ്വം ഉദ്യോഗസ്ഥൻ. ഇതിൽ മനംനൊന്ത ജയലക്ഷ്മി ദർശനം നടത്താതെ മടങ്ങി. മകളുടെ ചോറൂണിനെത്തിയപ്പോഴാണ് മുൻ സാമൂഹ്യക്ഷേമ മന്ത്രി ജയലക്ഷ്മിക്ക് ദുരനുഭവമുണ്ടായത്. ജയലക്ഷ്മിക്കും ഒപ്പമുണ്ടായിരുന്ന ഗുരുവായൂർ നഗരസഭ കൗൺസിലർ ലത പ്രേമനും നേരെയാണ് ഉദ്യോഗസ്ഥെൻറ ക്ഷോഭപ്രകടനം.
ദർശനം നടത്താനാവാത്തതിൽ ദുഃഖിതയായ ജയലക്ഷ്മി ഉത്സവക്കഞ്ഞി കുടിക്കാൻ നിൽക്കാതെ ഗുരുവായൂരിൽ നിന്ന് മടങ്ങി. എങ്കിലും കൗൺസിലർ സംഭവങ്ങൾ വിശദീകരിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയെൻറ ‘കടക്കൂ പുറത്ത്’ ക്ഷേത്രത്തിലും ആവർത്തിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. അങ്ങേയറ്റം പരുഷമായ ഭാഷയിലാണ് ദേവസ്വം ഉദ്യോഗസ്ഥൻ സംസാരിച്ചതെന്ന് ജയലക്ഷ്മി ‘മാധ്യമ’ത്തോട് ഫോണിലൂടെ പ്രതികരിച്ചു.
മകളുടെ ചോറൂണിനാണ് ജയലക്ഷ്മിയും ഭർത്താവ് അനിൽകുമാറും ബന്ധുക്കളോടൊപ്പം ക്ഷേത്രത്തിലെത്തിയത്. കൗൺസിലറായ ലത പ്രേമനും ഒപ്പം ഉണ്ടായിരുന്നു. ചോറൂണിന് ശേഷം ദർശനം നടത്താനുള്ള അനുമതിക്കായി ക്ഷേത്ര ഗോപുരത്തിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ശകാരിച്ച് പുറത്താക്കിയതെന്ന് ലത പ്രേമൻ പറഞ്ഞു. കൂടെയുള്ളത് മുൻ മന്ത്രിയാണെന്ന് പറഞ്ഞെങ്കിലും പുറത്തു കടക്കാൻ ഉദ്യോഗസ്ഥൻ കൽപിച്ചു.
മുൻ മന്ത്രിയും കൗൺസിലറും എന്നതു പോയിട്ട്, രണ്ട് സ്ത്രീകൾ എന്ന പരിഗണന പോലുമില്ലാതെയായിരുന്നു ശകാരം. മാന്യമല്ലാത്ത സംസാരം കേട്ടതോടെ മനംനൊന്ത ജയലക്ഷ്മി ദർശനത്തിന് നിൽക്കേണ്ട എന്ന് പറഞ്ഞ് ക്ഷേത്രത്തിന് പുറത്ത് കടന്നു. ചോറൂണിന് ചീട്ടാക്കിയവർക്ക് വരി നിൽക്കാതെ അകത്തേക്ക് വിടാൻ അനുമതി നൽകേണ്ട ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്.
എന്നാൽ, മേളം കഴിയും വരെ കാത്തിരിക്കാൻ മാത്രമാണ് പറഞ്ഞതെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം ആവശ്യമെങ്കിൽ നടപടിയുണ്ടാവുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.