അഡ്‌മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലിലും തിരിച്ചടി; സുനുവിന്‍റെ ഹരജി തള്ളി

തിരുവനന്തപുരം: ബലാത്സംഗക്കേസിലടക്കം പ്രതിയായി പൊലീസ് സേനയിൽനിന്ന് പിരിച്ചുവിട്ട ഇൻസ്പെക്ടർ പി.ആർ. സുനുവിന്റെ ഹരജി അഡ്‌മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലും തള്ളി. പിരിച്ചുവിടരുതെന്നാവശ്യപ്പെട്ട്‌ സുനു നൽകിയ ഹർജി നിലനിൽക്കില്ലെന്ന്‌ ജസ്റ്റിസ്‌ പി.വി. ആശ, ട്രിബ്യൂണൽ അംഗം ഡോ. പ്രദീപ്‌കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച്‌ വിധിച്ചു.

പതിനാറ്‌ തവണ വകുപ്പുതല നടപടികൾക്ക്‌ വിധേയനായ സുനുവിന്റെ പേരിൽ സ്ത്രീകൾക്കെതിരായ അക്രമം, തുടർച്ചയായ അച്ചടക്ക ലംഘനം, ബലാത്സംഗം തുടങ്ങിയ നിരവധി കേസുകൾ നിലനിൽക്കുന്നതായി പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായ ഗവ. പ്ലീഡർ അഡ്വ. എം. രാഹുൽ വാദിച്ചു. പൊലീസ്‌ നിയമത്തിലെ 86ാം വകുപ്പ്‌ പ്രകാരം സേനയിൽ തുടരാൻ കഴിയാത്ത തരത്തിലുള്ള നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളുമാണ്‌ ഹരജിക്കാരന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. സേനയുടെ അഭിമാനത്തിന്‌ കളങ്കം വരുത്തുന്ന രീതിയിലുള്ള ദൂഷ്യ സ്വഭാവങ്ങളാണ്‌ സുനുവിന്റേതെന്ന്‌ കണ്ടാണ്‌ സർക്കാർ നടപടിയെടുത്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ക്രിമിനൽ കേസുകളിൽ നടപടി അവസാനിക്കാത്ത സാഹചര്യത്തിൽ പിരിച്ചുവിടരുതെന്ന്‌ സുനു ട്രിബ്യൂണലിനോട്‌ ആവശ്യപ്പെട്ടു. വേണ്ടത്ര വിശദീകരണം കേട്ടില്ലെന്ന വാദം ട്രിബ്യുണൽ അംഗീകരിച്ചില്ല. കാരണം കാണിക്കൽ നോട്ടീസ്‌ ഉന്നതാധികാരികൾ നൽകിയതാണ്‌. നേരിട്ട്‌ ഹാജരായി വിശദീകരണം നൽകാനുള്ള നിർദേശം സുനു ലംഘിച്ചു. വിഡിയോ കോൺഫറൻസ്‌ വഴി സുനുവിന്റെ വിശദീകരണം പൊലീസ്‌ മേധാവി കേട്ടതായും ട്രിബ്യൂണൽ നിരീക്ഷിച്ചു. കുറ്റങ്ങൾ തെളിഞ്ഞ സാഹചര്യത്തിൽ ഹരജി തള്ളുകയാണെന്നും സർക്കാർ നടപടി ശരിവെക്കുകയാണെന്നും വിധിയിൽ പറയുന്നു.

Tags:    
News Summary - Backlash in Administrative Tribunal; Sunu's plea dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.