തൃശൂർ: മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് ‘മെറ്റ’ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിൽ ബാബുരാജിന് അല്ലാതെ മറ്റാർക്കും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടോ പോസ്റ്റുകളോ കാണാനാകാത്ത രീതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കേരള ലോ എൻഫോഴ്സ്മെന്റ് അതോറിറ്റിയുടെ ആവശ്യ പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ഫേസ്ബുക്ക് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ബാബുരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയത്തിൽ പൊലീസോ മെറ്റ അധികൃതരോ ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം മുതലാണ് അക്കൗണ്ട് ലഭ്യമല്ലാതായത്. തനിക്ക് അക്കൗണ്ടും പോസ്റ്റുകളും കാണാമെങ്കിലും മറ്റുള്ളവർക്ക് ലഭ്യമല്ല.
മറ്റുള്ളവരുടെ പോസ്റ്റുകളിൽ ലൈക്ക് ചെയ്യാനും സാധിക്കുന്നുണ്ട്. സുഹൃത്തിന്റെ അക്കൗണ്ടിൽ നോക്കിയപ്പോൾ ലൈക്കിന്റെ എണ്ണം കാണിക്കുന്നുണ്ടെങ്കിലും ബാബുരാജ് ഭഗവതി എന്ന അക്കൗണ്ടിൽനിന്നാണ് ലൈക്ക് ചെയ്യുന്നതെന്ന് കാണിക്കുന്നില്ല.
ഇന്ത്യക്കു പുറത്ത് തന്റെ ഫേസ്ബുക്കും പോസ്റ്റുകളും ലഭിക്കുന്നുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞതായും ബാബുരാജ് വ്യക്തമാക്കി. അതേസമയം, എന്തു കാരണത്താലാണ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.