പരാതിക്കാരികൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; ചവറ കുടുംബകോടതി ജഡ്ജിക്കെതിരെ അന്വേഷണം

കൊച്ചി: കുടുംബകോടതിയിലെത്തിയ പരാതിക്കാരികളെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ കുടുംബകോടതി ജഡ്ജിക്കെതിരെ അന്വേഷണം. ചവറ കുടുംബകോടതി ജഡ്ജി വി. ഉദയകുമാറിനെതിരെയാണ് ഹൈകോടതി അന്വേഷണ കമ്മിറ്റി പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചത്. ജില്ല ജുഡീഷ്വറി രജിസ്റ്റാറാണ് അന്വേഷണം നടത്തുക.

വിവാഹമോചന കേസിൽ ഹാജരായ മൂന്ന് സ്ത്രീകളാണ് ജഡ്ജി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊല്ലം ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചത്. പരാതിയുടെ എണ്ണം കൂടിയതോടെ കൊല്ലം ജില്ല ജഡ്ജി വിവരം ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറി.

വിവാഹമോചനത്തിനായി എത്തുന്ന മാനസികമായി തകർന്ന സ്ത്രീകളെ അഭിഭാഷകരാണ് സാധാരണ കൗൺസിലിങ് നടത്തുന്നത്. എന്നാൽ, ജഡ്ജി നേരിട്ട് ചേംബറിലേക്ക് വിളിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ചൊവ്വാഴ്ച ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൊല്ലം ജില്ല ജഡ്ജിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. ജഡ്ജി ഉദയകുമാറിനെ എം.എ.സി.റ്റി കോടതിയുടെ ചുമതലയിലേക്കാണ് നിലവിൽ സ്ഥലമാറ്റിയിട്ടുള്ളത്. ഇതിനെതിരെ ചവറ കോടതിയിൽ പ്രതിഷേധം ശക്തമാണ്.

ആറ് മാസം മുമ്പ് കോഴിക്കോട് ജില്ല കോടതിയിലും സമാനമായ പരാതി ഉയർന്നിരുന്നു. താൽകാലിക ജീവനക്കാരിയാണ് ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ച് രംഗത്തെത്തിയത്. എന്നാൽ, പൊലീസിൽ പരാതി നൽകാൻ ജീവനക്കാരി തയാറായില്ല. സംഭവത്തെ കുറിച്ച് ഹൈകോടതി ജഡ്ജി ശോഭ അന്നമ്മ ഈപ്പന്‍റെ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.  

Tags:    
News Summary - Attempted sexual assault against complainants; Investigation against Chavara Family Court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.