അട്ടപ്പാടി
പാലക്കാട്: അട്ടപ്പാടിയിൽ പുതിയ സെറ്റിൽമെന്റ് രജിസ്റ്റർ അനിവാര്യമെന്ന് റവന്യൂ മന്ത്രി കെ. രാജൻ ആവർത്തിക്കുമ്പോഴും 1920ൽ ബ്രിട്ടീഷ് കാലത്ത് തയാറാക്കിയ സെറ്റിൽമെന്റ് രജിസ്റ്ററിന്റെ പകർപ്പിനായുള്ള റവന്യൂ വകുപ്പിന്റെ ശ്രമം തുടരാൻ നിർദേശം. 1920ലെ സെറ്റിൽമെന്റ് രജിസ്റ്ററിന്റെ പകർപ്പ് ഭൂരിഭാഗം റവന്യൂ ഓഫിസുകളിലുമില്ലെന്ന് റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുണ്ട്. 1960-65 കാലത്ത് നടത്തിയ റീ സർവേയുടെ ഭാഗമായി തയാറാക്കിയ എ ആൻഡ് ബി രജിസ്റ്റർ, 1982ൽ ഐ.ടി.ഡി.പി തയാറാക്കിയ ആദിവാസികൾ കൈവശംവെച്ചുവരുന്ന ഭൂമിയുടെ പട്ടിക തുടങ്ങിയ ആധികാരികമല്ലാത്ത രേഖകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
സെറ്റിൽമെന്റ് രജിസ്റ്ററിന്റെ പകർപ്പുകൾ മുഴുവൻ കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും കേരളത്തിലെ പുരാവസ്തുശേഖരത്തിൽ അവ ലഭ്യമല്ലെങ്കിൽ മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ കീഴിലായിരുന്നതിനാൽ തമിഴ്നാട് സർക്കാറുമായി കത്തിടപാട് നടത്തി ലഭ്യമാക്കണമെന്നും രാജമാണിക്യം റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
അട്ടപ്പാടിയിൽ ആദിവാസി ഊര് ഭൂമി സർവേ ചെയ്യാൻ സെറ്റിൽമെൻറ് രജിസ്റ്റർ പരിശോധിക്കണമെന്ന് ലാൻഡ് റവന്യൂ മുൻ കമീഷണർ ഡോ. എ. കൗശികൻ കഴിഞ്ഞ മേയ് അഞ്ചിന് ആവശ്യപ്പെട്ടിരുന്നു. ഊര് ഭൂമി സർവേ ചെയ്യുന്നത് പ്രാഥമികമായി എ, ബി രജിസ്റ്ററിന്റെ അടിസ്ഥാനത്തിലായിരിക്കണം.
എ ആൻഡ് ബി രജിസ്റ്ററിൽ ഭൂമി പട്ടികവർഗവിഭാഗക്കാരുടെ പേരിലാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ സർവേ ചെയ്യണം, എ ആൻഡ് ബി രജിസ്റ്ററിൽ ഭൂമി നോൺ ട്രൈബിന്റെ പേരിലാണെങ്കിൽ സെറ്റിൽമെൻറ് രജിസ്റ്റർ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾക്കും യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, ക്രിയാത്മക തുടർനടപടി ഉണ്ടായിട്ടില്ല.
തൃശൂർ: വനഭൂമിയിൽ പട്ടയം നൽകുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന സംയുക്ത പരിശോധനക്ക് ഞായറാഴ്ച തുടക്കമാകും. മൂന്നു പതിറ്റാണ്ടിനുശേഷം ആദ്യമായി നടക്കുന്ന സംയുക്ത പരിശോധന രാവിലെ 10ന് പീച്ചിയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
1977നുമുമ്പ് വനഭൂമിയിൽ കുടിയേറിയവർക്കാണ് പട്ടയം നൽകുന്നത്. ഇതിന് കേന്ദ്രസർക്കാർ അനുമതി ആവശ്യമാണ്. അനുമതി ലഭ്യമാകണമെങ്കിൽ സംയുക്ത പരിശോധന നടത്തി അർഹത തീരുമാനിക്കണം. വനം മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് നടന്ന ഉദ്യോഗസ്ഥതല ചർച്ചയുടെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധനക്ക് അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.