അട്ടപ്പാടി അനധികൃത ഭൂമി കൈയേറ്റം: അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് കെ. രാജൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ അനധികൃത ഭൂമി കൈയേറ്റത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. മാധ്യമം ഓൺലൈൻ വാർത്തയിലൂടെയാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമി പുറത്ത് വന്നത്. ആദിവാസികളുടെ ഭൂമിയിലെ അനധികൃത കൈയേറ്റം സംബന്ധിച്ച വിഷയം ജനുവരി 24 ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ നൂറാമത് റവന്യൂ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്തു. ഈ വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കാനും റവന്യൂ- സർവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ലാന്റ് റവന്യൂ കമീഷണർ, ജോയിന്റ് കമീഷണർ, സർവേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ, പാലക്കാട് കളക്ടർ എന്നിവർ അടിയന്തരമായി യോഗം ചേർന്ന് പ്രാഥമിക നടപടികൾ സ്വീകരിക്കുവാൻ നിർദേശിച്ചു. കോട്ടത്തറ, അഗളി, ഷോളയൂർ വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കവാനും റവന്യൂ സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു.

കൈയേറ്റം സ്ഥിരീകരിച്ചതിനുശേഷം മാത്രമേ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കാൻ കഴിയുകയുള്ളു. ആക്ഷേപത്തിൽ നിജസ്ഥിതി പരിശോധിക്കുന്നതിലേക്കായി കോട്ടത്തറയിലെ 1819, 1275 എന്നീ റീസർവേ നമ്പരുകളിലെ ഭൂമി കയേറ്റം സംബന്ധിച്ച ആധാരങ്ങളുടെ പകർപ്പ് ലഭ്യമാക്കുവാൻ അഗളി സബി രജിസ്റ്റാറോട് ആവശ്യപ്പെട്ടു.

ആദിവാസി ഭൂമി- മിച്ചഭൂമി കൈയേറ്റം നടന്നിട്ടുണ്ടെന്ന് കാണുന്ന പക്ഷം ഈ ഭൂമി തിരിച്ച് പിടിച്ച് 1999 ലെ കെ.എസ്.റ്റി ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിച്ച് ഭൂമി തിരിച്ചെടുത്ത് നൽകാനുള്ള നടപടി സ്വീകരിക്കും. നിയമവിരുദ്ധമായി ആദിവാസി ഭൂമി കൈയേറിയിട്ടുണ്ടോ എന്നറിയുന്നതിന് ആദ്യപടിയായി ഭൂമി സർവേ ചെയ്യണം. എന്നതിനാലാണ് ഈ വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്. വിശദമായ പരിശോധനക്കു ശേഷം കർശന നടപടി സ്വീകരിക്കും

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ചില ആക്ഷേപങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. അഗളി, കോട്ടത്തറ, ഷോളയാർ വില്ലേജുകളിൽ 1999 ലെ കേരള പട്ടിക വർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിന് വിരുദ്ധമായി സാർജൻറ് കമ്പനി ഭൂമി ആർജിച്ചതിനെതിരെ 2010ൽ ഒറ്റപ്പാലം സബ്‌ കലക്ടർ നടപടി ആരംഭിച്ചിരുന്നു.

ഇതല്ലാതെയും അനധികൃതഭൂമി കൈമാറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ കോടതി ഇടപെടൽ മൂലം നടപടികൾക്ക് തടസം നേരിട്ടിരുന്നു. പിന്നീട് ഭൂമി കണ്ടെത്താനായി സർവേ നടപടികൾ ആരംഭിച്ചുവെങ്കിലും ഭാഗികമായി മാത്രമേ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളു. ഈ മൂന്ന് വില്ലേജുകളിലേയും ഭൂമി സർവേ ചെയ്ത് കൈവശം തിട്ടപ്പെടുത്തിയാൽ മാത്രമേ നിജസ്ഥിതി കണ്ടെത്താൻ കഴിയൂ. എം.കെ മുനീർ, ഷാഫി പറമ്പിൽ, പി.കെ ബഷീർ, പി.അബ്ദുൽ ഹമീദ്, എൻ. ഷംസുദ്ദീൻ തുടങ്ങിയവരുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നൽകി.

Tags:    
News Summary - Attappadi illegal land grab: K. Rajan will take immediate action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.