കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു. പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ഉത്തരവ് ശരിവെച്ചത്. അതേസമയം, 11ാം പ്രതി ഷംസുദ്ദീന്റെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി ജാമ്യം അനുവദിച്ചു. 12 പ്രതികളാണ് ഹൈകോടതിയെ സമീപിച്ചത്. കൗസർ എടപ്പഗത്തിന്റെതാണ് വിധി.
സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ട് മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്ത് ജയിലിലടക്കാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് കോടതിയിൽ ഹാജരായ മൂന്ന് പ്രതികളെ അപ്പോൾ തന്നെ ജയിലിലടച്ചിരുന്നു. ഇതിനെതിരെ പ്രതികൾ അപ്പീലുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് 11 പ്രതികളുടെ അപ്പീൽ കോടതി തള്ളിയത്. നിലവിൽ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ ജയിലിലും 11പേർ പുറത്തുമുണ്ട്.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകളുണ്ടെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും മധുവിന്റെ അമ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകനും പ്രൊസിക്യൂഷനും ഒരുപോലെ വാദിച്ചു. ഇതംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയ വിധി അംഗീകരിച്ചത്.
അതേസമയം, മധുവധക്കേസിൽ ഒരു സാക്ഷി കൂടി മൊഴി മാറ്റി. 46ാം സാക്ഷി അബ്ദുൽ ലത്തീഫാണ് മൊഴിമാറ്റിയത്. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ടുവരുന്നതും മർദിക്കുന്നതും കണ്ടുവെന്നായിരുന്നു ലത്തീഫിന്റെ ആദ്യമൊഴി. പ്രതികളായ നജീബ്, മുനീർ എന്നിവരുടെ പിതാവാണ് അബ്ദുൽ ലത്തീഫ്. ഇന്ന് വിസ്തരിച്ച 44ാം സാക്ഷി ഉമറും 45ാം സാക്ഷി മനോജും പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും വിസ്താരം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന മധുവിന്റെ അമ്മ മല്ലിയുടെ ഹരജിയിൽ തീർപ്പുകൽപ്പിച്ച ശേഷമാകും വിസ്താരം. കോടതിയെ തെറ്റിദ്ധരിപ്പിച്ച 29 ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹരജി വ്യാഴാഴ്ച മണ്ണാർക്കാട് എസ്.സി എസ്.ടി വിചാരണക്കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.