'ഓഹ് എനിക്കെന്തിന്റെ കേടാണ്? ഞാനാരോടാണ് പറയുന്നത്? മസില് കൊണ്ട് ലോകത്തെ സകല കാര്യങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്ന മണ്ടൻമാരോടോ': തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർ.എസ്.എസിനെതിരെ സന്ദീപ് വാര്യർ

പാലക്കാട്: ആർ.എസ്​.എസ്​ വിമർശനം നടത്തിയതിന്​ നെയ്യാറ്റിൻകരയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാര്‍ ഗാന്ധിയെ ആർ.എസ്​.എസ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

തുഷാർ ഗാന്ധിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് ബൗദ്ധികമായി പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും ആർ.എസ്.എസ് നടപടി അങ്ങേയറ്റം പ്രതിഷേധർഹമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'ഓഹ് എനിക്കെന്തിൻ്റെ കേടാണ് ? ഞാനാരോടാണ് പറയുന്നത് ? മസില് കൊണ്ട് ലോകത്തെ സകല കാര്യങ്ങൾക്കും പരിഹാരമുണ്ടാകും എന്ന് വിശ്വസിക്കുന്ന മണ്ടൻമാരോടോ' എന്ന് അദ്ദേഹം പരിഹസിച്ചു.

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ അഞ്ച്​ ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകർ അറസ്റ്റിൽ. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, നിലമേൽ ഹരികുമാര്‍, ജി.ജെ. കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ്​ രേഖപ്പെടുത്തി ഇവരെ ജ്യാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിൽ പരാതിയില്ലെന്ന്​ പറഞ്ഞ്​ ആദ്യം കേസെടുക്കാൻ തയാറാകാതിരുന്ന പൊലീസ്​, വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ്​ നിലപാട്​ മാറ്റിയത്​. നെയ്യാറ്റിന്‍കര ഗാന്ധിമിത്രമണ്ഡലത്തിന്റെ പരിപാടി കഴിഞ്ഞ്​ മടങ്ങുന്നതിനിടെയാണ് ബുധനാഴ്ച​ ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞത്​.

ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ്​ തുഷാർ ഗാന്ധി നെയ്യാറ്റിൻകരയിലെത്തിയത്​. പ്രസംഗത്തിൽ ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ ബാധിച്ച കാന്‍സറാണെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ ആത്മാവിന് കാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘ്​പരിവാറാണ് കാന്‍സര്‍ പടര്‍ത്തുന്നതെന്നും പറഞ്ഞതാണ്​ ആർ.എസ്​.എസുകാരെ ചൊടിപ്പിച്ചത്​. രാജ്യത്തിന്റെ ആത്മാവിനെ തന്നെ നശിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന് ശേഷം മടങ്ങാൻ വാഹനത്തിനരികിലേക്കെത്തിയ തുഷാറിനെ ബി.ജെ.പി, ആർ.എസ്​.എസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കയറിനിന്ന്​ തടയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇവർ വാഹനത്തിന് മുന്നില്‍ നിന്നും മാറാതെ നിന്നതോടെ തുഷാര്‍ ഗാന്ധി വാഹനത്തിന് പുറത്തിറങ്ങി തിരിച്ച്​ പ്രതിഷേധമറിയിച്ച് മുദ്രാവാക്യം വിളിച്ചശേഷം വീണ്ടും കാറിലേക്ക് കയറി. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘാടകര്‍ ഇടപെട്ടാണ് തുഷാര്‍ ഗാന്ധിക്ക് ​വഴിയൊരുക്കിയത്‌.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്

'തുഷാർ ഗാന്ധിയെ തടഞ്ഞ ആർ.എസ്.എസ് പ്രതിഷേധം കണ്ടു. അങ്ങേയറ്റം പ്രതിഷേധാർഹം. തുഷാർ ഗാന്ധിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് ബൗദ്ധികമായി പ്രകടിപ്പിക്കുകയാണ് വേണ്ടത്.

ഓഹ് എനിക്കെന്തിൻ്റെ കേടാണ് ? ഞാനാരോടാണ് പറയുന്നത് ? മസില് കൊണ്ട് ലോകത്തെ സകല കാര്യങ്ങൾക്കും പരിഹാരമുണ്ടാകും എന്ന് വിശ്വസിക്കുന്ന മണ്ടൻമാരോടോ' 

Tags:    
News Summary - Attack on Tushar Gandhi: Sandeep Warrier's response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.