കൊച്ചി: പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ കോട്ടയം തിരുവാർപ്പിലെ ബസുടമയെ ആക്രമിച്ച സി.ഐ.ടി.യു നേതാവ് നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി. ബസുടമ രാജ്മോഹന് മർദനമേറ്റ സംഭവത്തിൽ കോട്ടയം ജില്ല മോട്ടോർ മെക്കാനിക് വർക്കേഴ്സ് യൂനിയൻ ( സി.ഐടി.യു) നേതാവ് കെ.ആർ. അജയിയെ സ്വമേധയാ കക്ഷിചേർത്താണ് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടത്.
യൂനിയൻ നേതാവിന് നോട്ടീസ് ഉത്തരവായ കോടതി ആഗസ്റ്റ് രണ്ടിന് വീണ്ടും വിഷയം പരിഗണിക്കാൻ മാറ്റി. പൊലീസ് സംരക്ഷണത്തിനുള്ള ഉത്തരവ് നിലനിൽക്കെ ബസുടമക്ക് മർദനമേറ്റ സംഭവത്തിൽ മാധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണം പൂർത്തിയായെന്നും അന്തിമ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പൊലീസിന് വീഴ്ചയുണ്ടായ കാര്യത്തിലെ അന്വേഷണം സംബന്ധിച്ച് കോടതി ആരാഞ്ഞപ്പോൾ പൊലീസ് സ്ഥലത്തുണ്ടായിട്ടും അപ്രതീക്ഷിത ആക്രമണമാണ് ഉണ്ടായതെന്നായിരുന്നു സർക്കാറിന്റെ വിശദീകരണം. തുടർന്നാണ് സി.ഐ.ടി.യു നേതാവ് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
ബസുടമയുടെ നാല് ബസുകൾക്കും തടസ്സമില്ലാതെ സർവിസ് നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്ന ജൂൺ 23ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കെയാണ് ബസുടമയെ സി.ഐ.ടി.യു നേതാവ് മർദിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഹാജരായ കുമരകം സി.ഐയും ഡിവൈ.എസ്.പിയും ബുധനാഴ്ച നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. എന്നാൽ, ഇനി ഇവർ ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.