കൊല്ലം: തേവലക്കര കോയിവിള സ്വദേശിനി ടി. അതുല്യയെ (30) ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിന്റെ (40) ഇടക്കാല ജാമ്യം കോടതി റദ്ദാക്കി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി. രാജുവാണ് വിധി പറഞ്ഞത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിലാണ് നടപടി.
അതേസമയം, കുടുംബം നൽകിയ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ആരോപിക്കുന്ന കൊലപാതക കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി നിരീക്ഷണം. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് സതീഷ് ശങ്കർ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായി. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. അവധിക്കുശേഷം കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകും. ആത്മഹത്യ പ്രേരണ കുറ്റം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചില്ലെങ്കിലും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ഇത് ഉൾപ്പെടുത്തും. ഇതിനുള്ള തെളിവ് ശേഖരിക്കാൻ പ്രതിയെ കൂടുതൽ ചോദ്യംചെയ്യും.
തേവലക്കര കോയിവിള സ്വദേശിനി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ജൂലൈ 19നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ട അതുല്യ പിറന്നാൾ ദിനത്തിൽ തന്നെ ജീവനൊടുക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി അതുല്യയുമായി സതീഷ് വഴക്കിട്ടിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇയാൾ കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്താണ് താമസിക്കുന്നത്. മരണത്തിൽ സതീഷിന് പങ്കുണ്ടെന്ന് വ്യക്തമാക്കി അഖില പൊലീസിൽ പരാതി നൽകി. പിന്നാലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷിനെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ശരീരത്തിൽ മർദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.
സതീഷ് നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അതുല്യയുടേത് കൊലപാതകമാണെന്നതിന് തെളിവില്ലെന്നും സതീഷ് കുറ്റക്കാരനാണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
വർഷങ്ങളായി യു.എ.ഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഗൾഫിലേക്ക് കൊണ്ടുപോയത്. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.