അവൾ വന്നു നിധിൻ, നീയില്ലാത്ത ലോകത്തേക്ക്​

കോഴിക്കോട്​: കുട്ടികളെ ഏറെ ഇഷ്​ടപ്പെട്ടിരുന്ന നിധിൻ സ്വന്തം കുഞ്ഞിനെ കാണാനാകാതെ യാത്രയായതി​​​െൻറ വേദനയിൽ കുടുംബവും കൂട്ടുകാരും നീറിനിൽക്കേ, പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയുമറിയാതെ ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്‍റെ വിയോഗ വാര്‍ത്ത ഇനിയും ആതിരയെ അറിയിച്ചിട്ടുമില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ നിധിന്‍ ചന്ദ്രനെ (29) ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 

ലോക്​ഡൗണില്‍ വിദേശത്ത് കുടുങ്ങിപ്പോയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയാണ്​ നിധിനും ആതിരയും വാർത്തകളിൽ ഇടംപിടിക്കുന്നത്​. സുപ്രീം കോടതിയില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രവാസി മലയാളികള്‍ ആതിരയുടെ പേരിലായിരുന്നു ഹരജി നല്‍കിയിരുന്നത്. കോൺഗ്രസി​​​െൻറ പ്രവാസി പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങി​​​െൻറ നേതൃത്വത്തിലായിരുന്നു ഹരജി നല്‍കിയത്.

ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും നാട്ടിലടക്കം രക്തം എത്തിച്ചുനൽകുന്നതിനും അഹോരാത്രം പ്രയത്നിക്കുന്ന കേരളാ ബ്ലഡ് ഡോണേഴ്സ് സംഘടനയുടെ മുന്നണിപ്പോരാളിയായിരുന്നു മെക്കാനിക്കൽ എന്‍ജിനീയർ കൂടിയായ നിധിൻ. ഇൻകാസ് യൂത്ത് വിങി​​​െൻറ അമരക്കാരിലൊരാളായ നിധിൻ കോവി‍ഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷണകിറ്റുകളെത്തിക്കുന്നതിനും മറ്റും പ്രയത്നിച്ചുകൊണ്ടിരിക്കെയാണ് മരണം തട്ടിയെടുത്തത്. 

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്ര​​​െൻറ മകനാണ്. മരിച്ചതിന് ശേഷം നിധിനിൽ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവായതിനെ തുടർന്ന് നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്​ച മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Athira nidhin delivered a baby girl -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.