തട്ടിക്കൂട്ട് സഖ്യങ്ങളിലൂടെ സംഘപരിവാറിനെ പരാജയപ്പെടുത്താനാകില്ല -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് തട്ടിക്കൂട്ടുന്ന താൽക്കാലിക സഖ്യങ്ങൾ കൊണ്ട് സംഘപരിവാറിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നാണ് ത്രിപുരയടക്കം മൂന്നു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മുന്നറിയിപ്പെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ദീർഘകാല പദ്ധതികളോടെ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് കഴിയണം. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തും യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചും ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫലം ദയനീയമായിരിക്കും എന്നത് ഉറപ്പാണ്. നിരന്തരം പരസ്പര സംഘർഷത്തിൽ നിൽക്കുന്നവർ ഇലക്ഷന് തൊട്ടുമുമ്പ് ഉണ്ടാക്കുന്ന സഖ്യങ്ങളെ ജനങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല. സംഘപരിവാർ ഇന്ത്യയിൽ അത്തരം ഇലക്ഷൻ തന്ത്രങ്ങൾ മതിയാകില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.

മണി പവർ, മസിൽ പവർ, വൻകിട ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന മികച്ച ഇലക്ഷൻ പ്ലാനിംഗ്, ജനവിഭാഗങ്ങളെ കയ്യിലെടുക്കുന്ന സോഷ്യൽ എൻജിനീയറിങ്, വൻതോതിൽ പണം നിക്ഷേപിച്ചു ഉണ്ടാക്കുന്ന മാധ്യമ പിന്തുണ, സാമൂഹ്യ മാധ്യമങ്ങളുടെ തന്ത്രപരമായ ഉപയോഗം എന്നിവയിലൂടെയാണ് ബി.ജെ.പി വിജയം നേടുന്നത്.

ഇതിനെ കേവല തെരഞ്ഞെടുപ്പ് റാലികൾ കൊണ്ട് പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഇപ്പോഴും പ്രതിപക്ഷം കരുതുന്നത്.

ത്രിപുരയിലെ തിരിച്ചടിയുടെ അടിസ്ഥാനത്തിൽ സഖ്യം ഉപേക്ഷിക്കുകയല്ല സി.പി.എമ്മും കോൺഗ്രസും ചെയ്യേണ്ടത്.

മറിച്ച് കൂടുതൽ ആസൂത്രിത ശ്രമങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം ഇപ്പോഴേ തുടങ്ങുകയാണ് വേണ്ടത്. വിശാല ജനാധിപത്യ ചേരിയല്ലാതെ ബി.ജെ.പി.യെ പരാജയപ്പെടുത്താൻ മറ്റുവഴികൾ ഇപ്പോൾ മുന്നിലില്ല.

ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ബിജെപിയും സഖ്യകക്ഷികളും നേടിയ വിജയം അതീവ ആശങ്ക ഉളവാക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെയും 2024ലെ പൊതു തെരഞ്ഞെടുപ്പിനെയും കൂടുതൽ ഗൗരവത്തോടെ കാണാൻ ജനാധിപത്യ കക്ഷികൾക്ക് കഴിയണം.

പ്രാദേശിക കക്ഷികളെയും വിവിധ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും നവ ജനാധിപത്യ പ്രസ്ഥാനങ്ങളെയും അർഹിക്കുന്ന ഗൗരവത്തോടെ കണ്ട് വിശാല തെരഞ്ഞെടുപ്പ് മുന്നണികൾ ഉണ്ടാക്കാൻ കോൺഗ്രസിനും ഇടതുപക്ഷത്തിനും മറ്റ് കക്ഷികൾക്കും കഴിയേണ്ടതുണ്ടെന്ന സന്ദേശമാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sangh Parivar cannot be defeated through instant alliances -Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.