അഷ്റഫ് താമരശ്ശേരി 

അയാളുടെ മൃതദേഹം ഇങ്ങോട്ടയക്കേണ്ട, ഞങ്ങൾക്ക് വേണ്ട -പ്രവാസിയോടുള്ള ഭാര്യയുടെയും മക്കളുടെയും ക്രൂരത വിവരിച്ച് അഷ്റഫ് താമരശ്ശേരി

രിച്ചു കഴിഞ്ഞാൽ ആർക്കും ഒരു വിലയുമുണ്ടാകാറില്ല എന്ന് പറയാറുണ്ട്. ജീവിതത്തിന്റെ നല്ല ഭാഗം ഗൾഫ് രാജ്യങ്ങളിലെ മരുഭൂമിയിൽ നഷ്ടപ്പെടുത്തുന്നവരാണ് പ്രവാസികൾ. മെഴുകുതിരി പോലെ സ്വയം ഉരുകി, സ്വന്തം കുടുംബത്തിന്റെ സന്തോഷം നിലനിർത്താനാണ് അവർ ജീവിതത്തിന്റെ നല്ല കാലം മണലാരണ്യങ്ങളിൽ തീർക്കുന്നത്. മതിയാവോളം ഭക്ഷണം കഴിക്കാതെ, നല്ല വസ്ത്രം പോലും ധരിക്കാതെ, പണം സ്വരുക്കൂട്ടി നാട്ടിലേക്കയക്കുന്ന പ്രവാസി ഗൾഫിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കാണിച്ച ക്രൂരതയെ കുറിച്ച് വിവരിക്കുകയാണ് അഷ്റഫ് താമരശ്ശേരി.

വിശപ്പുണ്ടായിട്ടും ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ ചുട്ടുപൊള്ളുന്ന വെയിലിൽ ജോലി ചെയ്താണ് അയാൾ നാട്ടിൽ കുടുംബത്തിനായി മനോഹരമായി വീട് നിർമിച്ചതെന്നും കടം വീട്ടാൻ രാവും പകലും പണിയെടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

62ാം വയസിൽ മരണമെത്തിയപ്പോഴെങ്കിലും നാട്ടിലെത്തണമെന്ന സ്വപ്നം പോലും തട്ടിയകറ്റാണ് സ്വന്തം ഭാര്യയും മക്കളും ശ്രമിച്ചത്. ഒടുവിൽ സഹോദരിയുടെ മക്കളാണ് ആ പ്രവാസിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹങ്ങളോട് ഒരിക്കലും അനാദരവ് കാണിക്കരുത് എന്ന് പറഞ്ഞാണ് അഷ്റഫ് താമരശ്ശേരി പോസ്റ്റ് അവസാനിപ്പിച്ചത്.

കുറിപ്പിന്റെ പൂർണ രൂപം:

ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടി വരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു. അയാൾ വന്നിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു.

എന്തായാലും ഇന്നലെ അയാൾ തന്റെ 62ാം വയസ്സിൽ പ്രവാസിയായി മരിച്ചു. പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു. അപ്പോള്‍ അവർ പറഞ്ഞു, മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു. ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം. എന്റെ കടമ എനിക്ക് നിർവഹിച്ചേ മതിയാവൂ. അയാളുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങൾ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോൺ വിളികൾ... മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു.

ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയാറായി മുന്നോട്ടുവന്നു. ദൈവം തന്റെ സൃഷ്ടികളിൽ കരുണയുള്ളവനാണ്. അയാൾക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടിൽ ഒരുക്കിനിർത്താൻ ദൈവം മറന്നിരുന്നില്ല. മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടെതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ. നമുക്കും ഒരു ശരീരമുണ്ട്. നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ. നമുക്ക് പ്രാർഥിക്കാം.

Full View


Tags:    
News Summary - Ashraf Thamarassery facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT