തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് തുറന്ന കത്തെഴുതി ആശ വർക്കർമാർ. സമരത്തിനുപിന്നിൽ വിമോചന സമരക്കാരാണെന്ന ബേബിയുടെ പരാമർശത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു തുറന്ന കത്തെഴുതിയത്. സി.പി.എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബേബിക്ക് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരം രണ്ടു മാസമെത്തിയിട്ടും തങ്ങളുന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു.
സമരത്തെയും സമരനേതാക്കളെയും ആക്ഷേപിക്കുന്ന നിലപാട് ചില സി.ഐ.ടി.യു നേതാക്കൾ കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ, ഈ സമരത്തിന് പിന്നിൽ വിമോചനസമരക്കാരാണെന്ന താങ്കളുടെ പരാമർശം വേദനിപ്പിച്ചു. ഈ സമരത്തിന്റെ ലക്ഷ്യവും മാർഗവും തീരുമാനിക്കുന്നത് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ മാത്രമാണ്. പിന്തുണക്കുന്നവർ ഈ സമരത്തെ സർക്കാറിനെതിരായ ഒരു രാഷ്ട്രീയ ആയുധമാക്കാൻ ഉദ്ദേശിക്കുന്നവരല്ല. 7000 രൂപ ഓണറേറിയം കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ തീരെ അപര്യാപ്തമാണെന്ന് അറിയാവുന്നതുകൊണ്ടാണല്ലോ എൽ.ഡി.എഫ് പ്രകടനപത്രിക 21,000 രൂപ വാഗ്ദാനം ചെയ്തത്. വിരമിക്കൽ ആനുകൂല്യവും മറ്റ് പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. ഈ ഡിമാൻറുകളോട് അനുഭാവപൂർവമായ സമീപനം കേരള സർക്കാർ സ്വീകരിച്ചാൽ വിട്ടുവീഴ്ചകൾക്ക് തങ്ങൾ തയാറാണ്. സമരം നീട്ടിക്കൊണ്ടുപോകണമെന്ന ഒരു കടുംപിടുത്തവും സമരസമിതിക്കില്ല.
തൊഴിലാളി പ്രസ്ഥാനങ്ങളും അവകാശസമരങ്ങളും രാജ്യത്താകെ നാനാതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഈ സമരം പണിയെടുത്തുജീവിക്കുന്ന ജനവിഭാഗങ്ങളിലാകെ പ്രതീക്ഷയുണർത്തുന്നുണ്ട്. എന്നാൽ, ഈ സമരത്തോട് കേരള സർക്കാറും സി.പി.എമ്മും പുലർത്തുന്ന സമീപനം പുനഃപരിശോധിക്കണം. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അമരക്കാരനെന്ന നിലയിൽ ഞങ്ങളുടെ ഡിമാൻറുകളും വിലയിരുത്തലുകളും അർഹമായ ഗൗരവത്തോടെ പരിഗണിച്ച് സമരം അവസാനിപ്പിക്കാനുള്ള സത്വര നടപടിയുണ്ടാകണമെന്നും കത്തിൽ ആശമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.