തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാന സർക്കാർ നടത്തുന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്ന് നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർക്ക് ആശ പ്രവർത്തകരുടെ തുറന്ന കത്ത്. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം വലിയ നുണയാണെന്നും ആ പരിപാടിയിൽ പങ്കെടുക്കുക വഴി ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിനാൽ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കത്തെഴുതിയത്.
‘ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ എട്ടര മാസമായി രാപകൽ സമരം നടത്തുന്ന ആശ പ്രവർത്തകരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങൾ. മൂന്നുനേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങൾ.
233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഞങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തുന്നത് വലിയ നുണയാണ്. സർക്കാറിന്റെ കാപട്യവും’. സെക്രട്ടേറിയറ്റ് പടിക്കൽ വന്ന് ഞങ്ങളെ കാണണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കത്ത് നടന്മാർക്ക് ഇ-മെയിൽ അയച്ചതായും സമര സമിതി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.