സെക്രേട്ടറിയറ്റിനു മുന്നിൽ ആശ വർക്കർമാരുടെ സമരം- ചിത്രങ്ങൾ: അരവിന്ദ് ലെനിൻ
തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം പൂർത്തിയാകുന്നു. സമരത്തിന് പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സമരക്കാർ അറിയിച്ചു.
സമരത്തിന് വരുന്നവരെ പാർട്ടിക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് സമരനേതാക്കൾ ആരോപിച്ചു. ഫെബ്രുവരി ഒമ്പത് വരെ ജോലി ചെയ്തതിന്റെ റിപ്പോർട്ട് സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചെന്ന് പറഞ്ഞിട്ടും അതുസംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണെന്ന കള്ളം നിയമസഭയിൽ പോലും ആവർത്തിച്ചു.
ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. ചർച്ച നടത്തുകയോ പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാർ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷൻ നേതാവ് എസ്. മിനി പറഞ്ഞു.
അതിനിടെ, ആശ വർക്കർമാരെ അധിക്ഷേപിച്ച സി.ഐ.ടി.യു നേതാവ് കെ.എൻ. ഗോപിനാഥിനെതിരെ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ക്ഷമാപണം നടത്തിയില്ലെങ്കിൽ 10 കോടി നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.