സമര വിജയം ആഘോഷിച്ച് ആശമാർ; മുൻ സർക്കാർ ഒഴുകിപ്പോയത് ആശമാരുടെ കണ്ണീർപ്പുഴയിൽ -പ്രേംകുമാർ

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ അവഗണിക്കുകയും അപഹസിക്കുകയും ചെയ്ത മുൻ സർക്കാർ ഒഴുകിപ്പോയത് അവരുടെ കണ്ണീർപ്പുഴയിലാണെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ആശ സമരത്തോട് എടുത്തതുപോലൊരു നിലപാട് ഇനിയൊരു ഭരണകൂടവും ഒരു സമരത്തോടും സ്വീകരിക്കരുത്. പൊതുസമൂഹം സമരത്തിനൊപ്പമായിരുന്നിട്ടും കണ്ടില്ലെന്ന് നടിച്ചതിനുള്ള മറുപടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

ഒരു ഭരണകൂടത്തെ മാറ്റിമറിക്കാൻതക്ക നിർണായക സ്വാധീനം ചെലുത്താൻ സമരത്തിന് സാധിച്ചു. ആ ചരിത്രത്തിൽനിന്ന് പാഠം പഠിക്കാൻ ഭരണാധികാരികൾ ശ്രമിക്കണമെന്നും പ്രേംകുമാർ പറഞ്ഞു. സമരഫലമായി പുതിയ സർക്കാർ ഓണറേറിയ വർധന പ്രഖ്യാപിച്ചതിന്‍റെ ആഹ്ലാദം പങ്കുവെക്കാൻ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച ‘ആശാകേരളം വിജയപാതയിൽ മുന്നോട്ട്’ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ സമരത്തെയും സിൽവർ ലൈൻ വിരുദ്ധ സമരത്തെയും ചെറുതായി കണ്ട സർക്കാറിന്‍റെ പതനമാണ് കേരളത്തിൽ കണ്ടതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ആശ പ്രവർത്തകരുടെ ഇൻസെന്റിവ് വർധിപ്പിക്കാൻ കേന്ദ്രസർക്കാറിൽ ശക്തമായ സമ്മർദം ചെലുത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. ബിന്ദു, വൈസ് പ്രസിഡൻറുമാരായ എസ്. മിനി, കെ.പി. റോസമ്മ, പ്രഫ. എം.പി. മത്തായി, ജോസഫ് സി. മാത്യു, ഡോ. ആസാദ്, ഒ.വി. ഉഷ, റെജിമോൻ കുട്ടപ്പൻ, ജയ്സൺ ജോസഫ്, കുസുമം, പി.ഇ. ഉഷ, ജോസഫ് എം. പുതുശ്ശേരി, വി.ജെ. ലാലി, ബാബു കുട്ടൻചിറ, മജീദ് ഖാൻ, ജെയ്ൻ ആൻസിൽ ഫ്രാൻസിസ്, മൈക്കിൾ, ഡോ. ആരിഫ, അഡ്വ. ബി.കെ. രാജഗോപാൽ, ഗോവിന്ദ് ശശി, ഡോ. ആരിഫ, പി.എച്ച്. അശ്റഫ്, ഡോ. നൗഷാദ്, പി.സി. ജോർജ്, രമ്യ റോഷ്നി, അനിത, തോംസൺ ലോറൻസ്, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Asha workers celebrate strike victory; it was in the river of Asha workers' tears that the former government washed away" – Premkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.