മലപ്പുറം: നിലമ്പൂരിൽ യു.ഡി.എഫ് 20,000 വോട്ടിന്‍റെ ചരിത്രഭൂരിപക്ഷം നേടുമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്. യു.ഡി.എഫിന് ഇത് അഭിമാനപോരാട്ടമാണ്. ആര്യാടൻ മുഹമ്മദിന്‍റെ അന്ത്യാഭിലാഷമായിരുന്നു മണ്ഡലം തിരിച്ചുപിടിക്കുകയെന്നത്. അതിനായി അദ്ദേഹത്തിന്‍റെ മകനെ തന്നെ പാർട്ടി നിയോഗിച്ചത് സന്തോഷകരമാണ്. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഷൗക്കത്തിന്‍റെ വിജയത്തിനായി ഒറ്റക്കെട്ടായി ഗോദയിലിറങ്ങും. ഡി.സി.സി പ്രസിഡന്‍റ് എന്ന നിലക്ക് താൻ മുന്നിൽതന്നെ ഉണ്ടാവും. തന്‍റെ പേര്കൂടി പാർട്ടി പരിഗണിച്ചത് സാധാരണ പ്രവർത്തകനായ തനിക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അതിൽതന്നെ സംതൃപ്തനാണ്. എല്ലാ സൗന്ദര്യപിണക്കങ്ങളും അവസാനിച്ചു. പി.വി. അൻവറുമായി ബന്ധപ്പെട്ട ചെറിയ ഭിന്നാഭിപ്രായം യു.ഡി.എഫ് ഇടപെട്ട് പരിഹരിക്കുമെന്നും വി.എസ്. ജോയ് പറഞ്ഞു.
മലപ്പുറം: യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ തെരഞ്ഞെടുത്ത തീരുമാനത്തിൽ വിയോജിച്ച് പി.വി. അൻവർ. നിലമ്പൂർ മണ്ഡലത്തിന്റെ ’പൾസ്’ അറിയാതെയാണ് സ്ഥാനാർഥി പ്രഖ്യാപനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയ് കുടിയേറ്റ കർഷകരുടെ പ്രതിനിധിയായിരുന്നു. ആ നിലയിൽ അദ്ദേഹത്തിന് വേണ്ട പരിഗണന പാർട്ടിയിൽ നിന്ന് ലഭിച്ചിട്ടില്ല. മണ്ഡലത്തിൽ കുടിയേറ്റ കർഷകർ നിരവധി പ്രശ്നങ്ങൾ നേരിടുന്നു. ഇതിൽ പ്രധാനമാണ് വന്യജീവി ആക്രമണം. ഈ വിഷയം കൃത്യമായി വി.എസ്. ജോയിക്കറിയാം. ഇടതുസർക്കാർ വന്യജീവി അക്രമത്തിൽ വേണ്ടതൊന്നും ചെയ്തിട്ടില്ല.
ഷൗക്കത്ത് സ്ഥാനാർഥിയായി വരുന്നതോടെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. വി.എസ്. ജോയിക്ക് രാഷ്ട്രീയത്തിൽ ഗോഡ് ഫാദറില്ലാത്തതായിരിക്കും സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്ത് പോകാൻ കാരണമെന്നാണ് താൻ കരുതുന്നതെന്നും അൻവർ പറഞ്ഞു.
ഇക്കാര്യങ്ങൾ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഷൗക്കത്തിന് പിന്തുണ നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കൂടിയാലോചനകൾക്ക് ശേഷം പറയാമെന്നും അൻവർ അറിയിച്ചു. കോൺഗ്രസ് തന്റെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിട്ട് എന്താണ് കാര്യമെന്ന ചോദ്യവും അൻവർ ഉയർത്തി. ഷൗക്കത്തിന് വിജയസാധ്യത കുറവാണെന്നും ഇതിനെക്കൂറിച്ച് കൂടുതൽ പഠിച്ച ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അന്‍വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.