തിരുവനന്തപുരം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവും പാർട്ടി പ്രവർത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം തേടി തിരുവനന്തപുത്തെത്തി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
തന്റെ സഹപ്രവർത്തകനും വർഷങ്ങളോളം ആത്മാർത്ഥ സുഹൃത്തുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകൾ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടൻ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടൻ ഷൗക്കത്തും പറഞ്ഞു. പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തു.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിന് അത്രയേറെ അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിലുള്ളത്. നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് യുഡിഎഫിന്റെ പ്രചരണത്തിൽ മുതൽക്കൂട്ടായെന്നും അദ്ദേഹം പറഞ്ഞു.
ഇനിയൊരു പിണറായി സർക്കാർ കേരളത്തിൽ ഭരണത്തിലെത്തില്ലെന്ന് എ.കെ ആന്റണി ആവർത്തിച്ചു. ഒമ്പതുവർഷത്തെ ഭരണത്തെ ജനങ്ങൾ അത്രയേറെ വെറുത്തുകഴിഞ്ഞു. തുടർ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം മുഴുവൻ യുഡിഎഫിന് വോട്ട് ചെയ്യും. അവിടെ ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്തിയാൽ കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിതൃതുല്യനായ ആന്റണി സാറിന്റെ അനുഗ്രഹം തേടിയ ശേഷമേ നാമനിർദ്ദേശ പത്രിക സമർപ്പിക്കൂവെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. മുൻമന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവുമായ വി.എസ് ശിവകുമാർ, മുൻ സ്പീക്കർ എൻ ശക്തൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി സുബോധൻ, കെ.പി. ശ്രീകുമാർ, മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ, മറ്റ് നേതാക്കളായ ആർ.വി രാജേഷ്, പാളയം ഉദയകുമാർ. ഡോ. ആരിഫാ ബീവി തുടങ്ങിയവരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.