കൊച്ചി: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി ഫലം വന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. പരീക്ഷഫലം പ്രസിദ്ധീകരിച്ചതിൽ സാങ്കേതിക പിഴവാണോ സംഭവിച്ചതെന്ന് അറിയാനുള്ള പരിശോധനയും അന്വേഷണത്തിന്റെ ഭാഗമായി നടക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കൂടാതെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളുടെ മൊഴിയെടുക്കാനാണ് ഉദ്യോഗസ്ഥരുടെ പദ്ധതി. കേസിൽ ഒന്നാം പ്രതിയാക്കിയിരിക്കുന്ന കോളജിലെ ആർക്കിയോളജി വിഭാഗം കോഓഡിനേറ്റർ ഡോ. വിനോദ് കുമാർ, പ്രിൻസിപ്പൽ വി.എസ്. ജോയ് എന്നിവരിൽനിന്ന് ശനിയാഴ്ച മൊഴിയെടുത്തിരുന്നു. ഞായറാഴ്ച ആരുടെയും ചോദ്യം ചെയ്യൽ നടന്നിട്ടില്ല. വരും ദിവസങ്ങളിൽ പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്ന എല്ലാവരുടെയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരെ കൂടാതെ സാക്ഷികളായവരെയും ഉദ്യോഗസ്ഥർ നേരിട്ട് കാണും. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ടാകുമെന്നാണ് വിവരം.
സാങ്കേതിക പിഴവാണ് ആർഷോയുടെ പേര് മാർക്ക് ലിസ്റ്റിൽ കടന്നുകൂടാൻ കാരണമെന്ന മൊഴിയാണ് പ്രിൻസിപ്പൽ നൽകിയിരിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിന് വിദഗ്ധരുടെ സഹായത്തോടെയുള്ള പരിശോധന നടന്നേക്കും. ആർഷോ ഫീസടച്ചതിന്റെയും മൂന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിന്റെയും രേഖകളുണ്ടെന്ന് പ്രിൻസിപ്പൽ ആദ്യം പറഞ്ഞിരുന്നു. തുടർന്ന് ക്ലീൻചിറ്റ് നൽകി രംഗത്തെത്തുകയും ചെയ്തു. പരീക്ഷക്ക് ആർഷോ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിദ്യാർഥികൾ അറിയിച്ചെന്നും തുടർന്ന് വീണ്ടും പരിശോധിച്ചപ്പോൾ ഇത് ശരിയാണെന്ന് തെളിഞ്ഞെന്നുമായിരുന്നു പ്രിൻസിപ്പൽ നൽകിയ വിശദീകരണം. ഇത് പ്രിൻസിപ്പൽ ക്രൈംബ്രാഞ്ചിനെയും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.