ചാലക്കുടി-മലക്കപ്പാറ റോഡിൽ കാട്ടാനയുടെ നേർക്ക് വാഹനം ഓടിച്ചുകയറ്റി പ്രകോപിപ്പിക്കാൻ ശ്രമിച്ചവർ പിടിയിൽ

അതിരപ്പിള്ളി: ഷോളയാറിൽ കാട്ടാനയെ പ്രകോപിപ്പിച്ച കോയമ്പത്തൂർ സ്വദേശികളെയും വാഹനവും വനംവകുപ്പ് പിടികൂടി. കോയമ്പത്തൂർ സ്വദേശികളായ ജ്ഞാനവേൽ വാസു (45), സീലൻ ശിവകുമാർ (35) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച സ്കോർപിയോ വാഹനവും കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി-മലക്കപ്പാറ അന്തർസംസ്ഥാനപാത എസ്.എച്ച് 21 അമ്പലപ്പാറ ഭാഗത്ത് റോഡിൽ ഇറങ്ങിനിന്ന കാട്ടാനയെ ഇവർ സഞ്ചരിച്ച സ്കോർപിയോ വാഹനം ഓടിച്ചുകയറ്റി പ്രകോപിപ്പിച്ച് ഓടിക്കാൻ ശ്രമിക്കുകയും അതുവഴി മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാവാൻ സാഹചര്യമൊരുക്കുകയും ചെയ്തെന്നാണ് കേസ്.

വാഴച്ചാൽ വനം ഡിവിഷൻ ഷോളയാർ റേഞ്ച് ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതികളെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഈ മേഖലയിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ഫോട്ടോ എടുക്കുന്നതിനും വാഹനങ്ങൾ നിർത്തിയിടുന്നതിനും നിയന്ത്രണമുള്ളതാണ്.

പ്രതികൾ ആനയുടെ അടുത്തേക്ക് വാഹനം ഓടിച്ചുചെല്ലുന്ന വിഡിയോ അവർതന്നെ സമൂഹമാധ്യമം വഴി പ്രചരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യാത്രക്കാരനും വിഡിയോ എടുത്തിരുന്നു. ഷോളയാർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആൽബിൻ ആന്റണിയുടെ മേൽനോട്ടത്തിൽ ഷോളയാർ സ്റ്റേഷൻ ഡെപ്യൂട്ടി കെ. സനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.കെ. സുനി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ആർ. രാജേഷ്, പി.സി. പ്രവീൺ, പി.ആർ. പ്രിയങ്ക, രേഷ്മ പയസ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Tags:    
News Summary - arrested for provoking wild elephant at Chalakudy - Malakkappara road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.