ശ്രീകുമാറിന്‍റെയും ടീസ്റ്റയുടെയും അറസ്റ്റ് പൗരാവകാശത്തിന് എതിരായ കടന്നാക്രമണം -പി.ഡി.പി

കോഴിക്കോട്: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് 19 വര്‍ഷക്കാലം നീണ്ട നിയമ പോരാട്ടത്തിനിറങ്ങുകയും കലാപത്തിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ടീസ്റ്റ സെറ്റല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും സുപ്രീംകോടതി വിധിയുടെ മറവില്‍ അറസ്റ്റ് ചെയ്ത നടപടി പൗരാവകാശത്തിനും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഗുജറാത്ത് കലാപ സമയത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെട്ട ആക്രമണങ്ങളുടെ അന്തപ്പുര രഹസ്യങ്ങള്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് വിഭാഗം കൈകാര്യം ചെയ്ത പ്രധാന ഉദ്യോഗസ്ഥന്‍ മനസ്സിലാക്കുകയും അവ സത്യവാങ് മൂലമായി സമര്‍പ്പിക്കുകയും ചെയ്തിട്ടും അവയെ അംഗീകരിക്കാത്ത നടപടി കടുത്ത നീതിരാഹിത്യമാണ്. ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഗുജറാത്ത് കാലപ കാലത്ത് സംസ്ഥാനത്തെ സര്‍വ അധികാരവും കൈയാളിയ ഒരു മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. തുടര്‍ന്ന് നിരന്തരം രൂക്ഷമായ ന്യൂനപക്ഷ വിദ്വേഷവും വര്‍ഗീയ ആഹ്വാനങ്ങളും പ്രസ്താവനകളും പ്രസംഗങ്ങളും കൊണ്ട് തന്റെ ഹീനമുഖം സമൂഹമധ്യത്തില്‍ വെളിപ്പെടുത്തുകയും അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പോലും സന്ദര്‍ശനം വിലക്കുകയും ചെയ്തിരിന്നു.

അങ്ങനെയുള്ള ഒരാളുടെ ആ കലാപത്തിലെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്നത് പോലും ന്യായമായ കാരണമല്ലെന്ന് കണ്ടെത്തുന്ന വിധിപ്രസ്താവം ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ആത്മാവിനേറ്റ കനത്ത മുറിവാണ്. അതിന് വേണ്ടി നിയമപരമായ അവകാശങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് കോടതിയെ സമീപിച്ചവരെ അന്യായമായി തടവിലിടാന്‍ ഉത്സാഹിപ്പിക്കുന്ന കേടതി വിധിയിലെ പരാമര്‍ശങ്ങള്‍ അത്യന്തം അപകടകരവുമാണ്. ഭരണകൂട ഭീകരതയുടെ ആ ഇരകള്‍ക്കൊപ്പം സംഘപരിവാറിനും മോഡിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് സര്‍ക്കാറിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യസമരവുമായി രാജ്യത്തെ മതേതര-ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് നീങ്ങുക തന്നെ ചെയ്യും.

രാജ്യത്തെ ഒരു സംസ്ഥാനത്ത് ആയിരകണക്കിന് പേര്‍ അന്യായമായി വംശഹത്യക്ക് വിധേയമാകുമ്പോള്‍ അത് കുറ്റകരവും അനാസ്ഥയുമാണെന്ന് ഉറക്കെ വിളിച്ച് പറയുകയും അതിന് കൂട്ട് നിന്ന ഭരണാധികാരിയെ ജനാധിപത്യപരമായി വിമര്‍ശിക്കുകയും അതിനെതിരില്‍ ന്യായമായ മാര്‍ഗങ്ങളിലൂടെ നിയമനടപടി സ്വീകരിക്കുകയും ചെയ്താല്‍ അത് കുറ്റകരമാവുകയും അറസ്റ്റിനും ഭരണകൂട ഭീകരതയുടെ അന്യായ തടങ്കലിനും കാരണമാവുകയും ചെയ്യുകയാണെങ്കില്‍ അതിന് ഈ രാജ്യത്തെ എണ്ണമറ്റ മതേതര-ജനാധിപത്യവിശ്വാസികളും ഒപ്പമുണ്ടാകുമെന്ന കാര്യം ഭരണകൂടത്തെ ഒര്‍മപ്പെടുത്തുന്നുവെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    
News Summary - Arrest is an attack on civil rights -PDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.