കൊച്ചി: ആര്‍ച് ബിഷപ് ആന്‍റണി കരിയിലിന്‍റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചു. ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചക്ക് 12ന് വത്തിക്കാനിലായിരുന്നു പ്രഖ്യാപനം. വൈകീട്ട് 3.30ന് സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസിലും എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തും പ്രഖ്യാപനം നടന്നു. അതിരൂപതയിലെ ഭിന്നതകൾ സംബന്ധിച്ച് മെത്രാപ്പോലീത്തന്‍ വികാരി ബിഷപ് ആന്റണി കരിയിലുമായി വത്തിക്കാൻ പ്രതിനിധി ഡോ. ജിയോ പോൾ ദോ ജിറേല്ലി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും രാജിക്കത്ത് വാങ്ങുകയും ചെയ്തിരുന്നു. ബിഷപ്സ് ഹൗസിലെ കൂടിക്കാഴ്ച സംബന്ധിച്ച് സ്ഥിരീകരണത്തിന് സിറോ മലബാർ സഭ തയാറായിരുന്നില്ല. വത്തിക്കാനിൽനിന്നാണ് സ്ഥിരീകരണം വരേണ്ടതെന്നായിരുന്നു സഭയുടെ നിലപാട്.
ഏകീകൃത കുര്‍ബാന വിഷയത്തില്‍ വത്തിക്കാന്റെയും സിനഡിന്റെയും നിര്‍ദേശം പാലിക്കാത്തതിനെ തുടർന്നാണ് ബിഷപ്പിനോട് രാജിവെക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഭൂമിയിടപാട്, കുര്‍ബാന ഏകീകരണം തുടങ്ങി അതിരൂപതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് സ്വീകരിച്ച വൈദികര്‍ക്ക് ഒപ്പമായിരുന്നു ബിഷപ് ആന്റണി കരിയില്‍. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച് ബിഷപ്പിന്‍റെ സ്ഥാനത്ത്തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതല നിർവഹിക്കുക.
1951 ഡിസംബര്‍ 13ന് ജനിച്ച ആൻഡ്രൂസ് താഴത്ത് 1977 മാര്‍ച്ച് 14നാണ് വൈദികനായി അഭിഷിക്തനായത്. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് റോമിലേക്ക് വിളിപ്പിച്ച മെത്രാന്മാരില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും ഉള്‍പ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.