എ.ആർ നഗർ ബാങ്ക് തട്ടിപ്പ്​: ഉടമകൾ അറിയാതെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ തിരിമറി

വേങ്ങര: വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ എ.ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിൽ ഉടമ അറിയാതെ വൻ തുക നിക്ഷേപിച്ച സംഭവങ്ങൾ പെരുകുന്നു. വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി അപ്പാടപ്പറമ്പിൽ വേണുഗോപാലൻ്റെ പേരിലാണ് 25 ലക്ഷം രൂപയുടെ നിക്ഷേപം എത്തിയതായി കോഴിക്കോട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത്.

നേരത്തേ കണ്ണമംഗലം തോട്ടശ്ശേരിയറ മഠത്തിൽ ദേവിയുടെ എക്കൗണ്ടിൽ 80 ലക്ഷത്തിൻ്റെ നിക്ഷേപമുണ്ടെന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ്​ കണ്ടെത്തിയിരുന്നു. വേണുഗോപാല​െൻറ അക്കൗണ്ടിൽ പണമുണ്ടായിരുന്ന വിവരം ഇദ്ദേഹം കഴിഞ്ഞ മേയ് മാസത്തിൽ നോട്ടീസ് ലഭിച്ച് കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിൽ എത്തിയപ്പോൾ മാത്രമാണ് അറിയുന്നത്. ഈ എക്കൗണ്ടിൽ 2018ൽ 25 ലക്ഷം നിക്ഷേപിക്കുകയും 2019ൽ പിൻവലിക്കുകയും ചെയ്തു. ഇൻകം ടാക്സ് ഓഫീസിൽ ഇത് സംബന്ധിച്ച വിശദമായ പ്രസ്ഥാവന നൽകിയാണ് ഇദ്ദേഹം പുറത്തു വന്നത്.

2007 മുതൽ ഇയാൾക്ക് എ.ആർ നഗർ ബാങ്കിൽ അക്കൗണ്ടുണ്ടെങ്കിലും ഏറെക്കാലമായി നിർജീവമാണ്. ജീവിപ്പിച്ചിരിക്കുന്നവരുടെ പേരിൽ അവരറിയാതെ പണമെത്തിയതിനു പുറമേ മരണപ്പെട്ടവരുടെ സക്രിയമായ അക്കൗണ്ടുകളും ഇൻകം ടാക്സ് കണ്ടെത്തിയിട്ടുണ്ട്. എ.ആർ നഗർ കല്ലങ്ങാട്ടു വീട്ടിൽ സുകുമാരൻ നായർ, എ.ആർ. നഗർ മേലേത്തൊടിയിൽ ഗോവിന്ദൻ നായർ, മേലേത്തൊടി കല്യാണി അമ്മ എന്നീ പരേതരുടെ പേരിലാണ് വൻതുകയുടെ ക്രയവിക്രയം നടന്നിട്ടുള്ളത്.

ഉടമ അറിയാതെ പുതിയ അക്കൗണ്ട് സൃഷ്ടിച്ച് 80 ലക്ഷം രൂപ നിക്ഷേപം വന്ന പരാതി ഈ ബാങ്കിൽ നേരത്തെയുണ്ട്. കണ്ണമംഗലം തോട്ടശ്ശേരിയറ കക്കോടത്ത് വീട്ടിൽ വിശ്വനാഥൻ്റെ ഭാര്യ മഠത്തിൽ ബേബി (67) യായിരുന്നു പരാതിക്കാരി. കോഴിക്കോട് ഇൻകം ടാക്സ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും പതിനായിരം രൂപ അടവാക്കണമെന്ന് ഇക്കഴിഞ്ഞ മെയ് അഞ്ചിന് നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. നോട്ടീസ് സംബന്ധിച്ച് അന്വേഷണത്തിനായി ഓഫീസിൽ എത്തിയപ്പോഴാണ് ഇവർക്ക് എആർ നഗർ സർവ്വീസ് സഹകരണ ബാങ്കിൽ 80 ലക്ഷത്തിൻ്റെ നിക്ഷേപമുണ്ടെന്നറിയുന്നത്.

അംഗനവാടി വർക്കറായിരുന്ന ദേവി 2010ൽ ആണ് അക്കൗണ്ട് ആരംഭിച്ചത്. അംഗനവാടിക്ക് അടുക്കള നിർമ്മിക്കുന്നതിനുള്ള ഫണ്ട് കൈമാറ്റം ചെയ്യുന്നതിനുള്ള ജോയൻറ് അക്കൗണ്ട് ആയിരുന്നു ഇത്. എന്നാൽ അന്നു കൊടുത്ത രേഖകൾ വെച്ച് പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ് 80 ലക്ഷം നിക്ഷേപിച്ചതെന്ന് കരുതപ്പെടുന്നതായി ദേവി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പരാതിയുമായി വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തിയ ദേവിയോട് ബാങ്ക് പരിധി തിരൂരങ്ങാടി ആയതിനാൽ അവിടെ നൽകാനായിരുന്നു നിർദ്ദേശിച്ചത്​. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും തിരൂരങ്ങാടി സിഐ പറഞ്ഞു. ഇൻകം ടാക്സ് ഓഫീസിൽ സത്യ പ്രസ്താവന ബോധിപ്പിച്ചിട്ടുണ്ടെന്നും അടുത്ത തിങ്കളാഴ്ച തിരൂരങ്ങാടി സഹകരണ അസിസ്റ്റൻ്റ് റജിസ്​ട്രാർ മുമ്പാകെ ഹാജരാകുന്നതിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ദേവി പറഞ്ഞു.

Tags:    
News Summary - ar nagar bank scam Lakhs swindled through accounts without the owners knowing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.