കാറില്‍ സ്ഫോടകവസ്തു ഘടിപ്പിച്ചത് കോടതിവളപ്പില്‍നിന്ന്

മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായ കാറില്‍ സ്ഫോടകവസ്തു ഘടിപ്പിച്ചത് കോടതിവളപ്പില്‍ നിന്നെന്ന് സൂചന. രാവിലെ വാഹനം കഴുകുകയും വെള്ളവും ഓയിലും പരിശോധിക്കുകയും ചെയ്താണ് വാഹനവുമായി പുറപ്പെട്ടതെന്ന് വാഹന ഉടമയും ഡ്രൈവറുമായ ആനക്കയം സ്വദേശി ഉസ്മാന്‍ പറഞ്ഞു. 9.10ന് വീട്ടില്‍നിന്ന് പുറപ്പെട്ടു. കാട്ടുങ്ങലില്‍നിന്ന് ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. റജി കെ. കുഴിയേലില്‍ കാറില്‍ കയറി.

ഒമ്പതരയോടെ സിവില്‍ സ്റ്റേഷനിലെ ഒന്നാം മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തു. ഇരുവരും മൂന്നാം നിലയിലെ ഹോമിയോ ഓഫിസിലത്തെി. തുടര്‍ന്ന്, ഡി.എം.ഒ ഡോക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു. ഈ സമയം താന്‍ ഓഫിസില്‍ ഇരിക്കുകയായിരുന്നുവെന്ന് ഉസ്മാന്‍ പറഞ്ഞു. ഈ സമയമാകാം സ്ഫോടകവസ്തു വാഹനത്തില്‍ ഘടിപ്പിച്ചതെന്നാണ് സൂചന.

മലയാള ദിനാഘോഷവും ഡോക്ടര്‍മാരുടെ അവലോകനയോഗവും കഴിഞ്ഞിറങ്ങവെ അപ്രതീക്ഷിതമായാണ് പൊട്ടിത്തെറി ശബ്ദം കേട്ടതെന്ന് ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. റജി കെ. കുഴിയേലില്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിലേറെയായി ജില്ല മെഡിക്കല്‍ ഓഫിസിന് വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടിക്കുന്ന വാഹനം മൂന്നുമാസം മുമ്പാണ് അവസാനമായി കരാര്‍ പുതുക്കിയത്. രാവിലെ ഒമ്പതരയോടെ ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസിലത്തെുന്ന വാഹനം മെഡിക്കല്‍ ഓഫിസറുടെ ആവശ്യാര്‍ഥം ഓടുകയാണ് പതിവ്.

അപ്രതീക്ഷിത പൊട്ടിത്തെറിയുടെ ഞെട്ടലില്‍ മുഹമ്മദ്

 സ്ഫോടനത്തിന്‍െറ ശബ്ദവും പുകയും ഗന്ധവും സൃഷ്ടിച്ച ഞെട്ടലിലാണ് അരീക്കോട് മൂത്തേടത്ത് മുഹമ്മദ്. സ്ഫോടനം നടക്കുന്ന സമയം തൊട്ടടുത്ത കാറില്‍ വിശ്രമിക്കുകയായിരുന്നു മുഹമ്മദ്. ഹോമിയോ മെഡിക്കല്‍ ഓഫിസറുടെ അവലോകനയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭാര്യ തച്ചണ്ണ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫൗസിയയെ കാത്ത് കാറിലിരിക്കുകയായിരുന്നു ഇദ്ദേഹം.

മൊബൈലില്‍ പാട്ട് കേട്ടിരിക്കെ പൊടുന്നനെയാണ് പൊട്ടിത്തെറി ശബ്ദം കേട്ടത്. മൊബൈല്‍ പൊട്ടിത്തെറിച്ചതാകാമെന്ന സംശയത്തില്‍ കാറില്‍നിന്ന് ചാടിയിറങ്ങിയപ്പോഴാണ് തൊട്ടടുത്ത വാഹനത്തില്‍നിന്ന് പുകയും രൂക്ഷഗന്ധവും ഉയര്‍ന്നത്. ഇതോടെ ഓടി മാറുകയായിരുന്നു. സ്ഫോടനം നടന്ന കാറിന് തൊട്ടടുത്തായിരുന്നു മുഹമ്മദ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

സ്ഫോടനത്തില്‍ മുഹമ്മദിന്‍െറ മാരുതി സെന്നിന്‍െറ ഗ്ളാസുകള്‍ തകര്‍ന്നു. മെഡിക്കല്‍ ഓഫിസര്‍ വിളിച്ച അവലോകന യോഗം കഴിഞ്ഞ് താഴേക്ക് വരുമ്പോഴാണ് പൊട്ടിത്തെറി ശബ്ദം കേട്ടതെന്ന് ഡോ. ഫൗസിയ പറഞ്ഞു.

 

Tags:    
News Summary - ar blast malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.