തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കുള്ള സംസ്ഥാന സർക്കാറിന്റെ 2024ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള പത്രങ്ങളിൽ വന്ന വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവക്കും ഈ കാലയളവിൽ സംപ്രേക്ഷണം ചെയ്ത ടി.വി ന്യൂസ് റിപ്പോർട്ട്, കാമറ, വിഡിയോ എഡിറ്റിങ്, ന്യൂസ് പ്രസന്റേഷൻ, ടി.വി അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവക്കാണ് അവാർഡുകൾ നൽകുന്നത്.
സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതും സമൂഹത്തെ ശാക്തീകരിക്കാൻ ഉതകുന്നതുമായ റിപ്പോർട്ടുകൾക്കാണ് ടെലിവിഷൻ സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ് അവാർഡ് നൽകുന്നത്.
വികസനോൻമുഖ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയക്കണം. വാർത്താചിത്രത്തിന്റെ വലിയ നാലു പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയക്കണം.
മലയാളം ടി.വി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേക്ഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് ടി.വി ന്യൂസ് റിപ്പോർട്ടിങിൽ പരിഗണിക്കുക. റിപ്പോർട്ടുകൾ മൂന്നു വീതം ഡി.വി.ഡികളിലോ ഒരു പെൻഡ്രൈവിലോ സമർപ്പിക്കണം. ഒരു വാർത്ത പല ഭാഗങ്ങളായി നൽകാതെ സമഗ്രസ്വഭാവത്തോടെ ഒരു വാർത്താ റിപ്പോർട്ടായാണ് സമർപ്പിക്കേണ്ടത്.
ടി.വി അവാർഡുകളിലെ മറ്റു വിഭാഗങ്ങളിലും എൻട്രികൾ മൂന്നു വീതം ഡി.വി.ഡികളിലോ ഒരു പെൻഡ്രൈവിലോ അയക്കണം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.
പ്രസിദ്ധപ്പെടുത്തിയ പത്രം/ടി.വി ചാനൽ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എൻട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല.
കവറിനു പുറത്ത് മത്സരവിഭാഗം, എൻട്രികൾ അയക്കുന്ന ആളുടെ പേര്, മാധ്യമ സ്ഥാപനത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടെയോ മറ്റു അധികാരിയുടെയോ സാക്ഷ്യപത്രവും വെക്കണം.
എൻട്രികൾ ജൂലൈ 21ന് വൈകീട്ട് അഞ്ചു മണിക്കകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം - 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in ൽ പരിശോധിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.