എ.പി. അനിൽ കുമാർ കുടുംബത്തോടൊപ്പം
വണ്ടൂര്‍: കാൽനൂറ്റാണ്ടായി വണ്ടൂരിന്റെ വികസന വിലാസമായി നിലകൊള്ളുന്ന നേതാവ്. തുടര്‍ച്ചയായി കാൽനൂറ്റാണ്ട് ഒരു മണ്ഡലത്തെ പ്രതിനിധാനം ചെയ്യുമ്പോഴുണ്ടാവുന്ന എല്ലാതരം പ്രതിസന്ധികളെയും അതിജയിച്ച് അരലക്ഷത്തോടടുത്തു നില്ക്കുന്ന വോട്ടിന് വിജയിച്ചുകയറാന്‍ കാരണം അദ്ദേഹത്തിന്റെ ജനഹിതമറിയുന്ന നേതാവ് എന്ന പ്രതിച്ഛായയാണ്.
2001ല്‍ യൂത്ത് കോണ്‍ഗ്രസുകാരനായി വണ്ടൂരിലെത്തിയ അനില്‍കുമാർ കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭ നേതാവായി വളർന്നത് കിഴക്കൻ ഏറനാടൻ മണ്ഡലത്തിൽ കാലൂന്നിനിന്നുകൊണ്ടാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭിന്നമേഖലകളിലെ ഉത്തരവാദിത്തങ്ങളില്‍ തിളങ്ങി ഇന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് വരെയെത്തിനില്ക്കുമ്പോഴും പച്ചമണ്ണില്‍ ചവിട്ടിനില്ക്കുന്ന വിനയമാണ് കക്ഷിരാഷ്ട്രീയത്തിനപ്പുറം അനില്‍കുമാറിനെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നത്.
പ്രീഡിഗ്രി പൂർത്തിയാക്കിയ അനിൽകുമാർ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് (1976), താലൂക്ക് പ്രസിഡന്റ് (1982), മലപ്പുറം ജില്ല സെക്രട്ടറി (1984), പി.ടി.എം കോളജ് യൂനിയന്‍ ചെയര്മാന്, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് (1986), സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാര്‍ഷിക സര്‍വകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു.
വണ്ടൂര്‍ നിയമസഭ മണ്ഡലത്തില്‍നിന്ന് 2001, 2006, 2011, 2016, 2021, 2026 വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ 47,939 വോട്ട് ഭൂരിപക്ഷം. 2004 മുതല്‍ 2006 വരെ പട്ടികജാതി-വർഗ-പിന്നാക്ക-യുവജനക്ഷേമ, സാംസ്കാരിക, മ്യൂസിയം പുരാവസ്തു മന്ത്രിയായും 2011-2016 വരെ പട്ടികജാതി പിന്നാക്കക്ഷേമ-വിനോദസഞ്ചാര മന്ത്രിയായും സേവനമനുഷ്ഠിച്ചു. നിലവില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റുമാണ്. എ.പി. ബാലന്റെയും കെ.സി. ദേവകിയുടെയും മകനായി 1965 മാര്‍ച്ച് 15ന് മലപ്പുറത്ത് ജനനം. ഭാര്യ: പി. പ്രസീജ. മക്കൾ: അർജുൻ, അമൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.