എ.പി വിഭാഗത്തിന്റെ 'മുന്നറിയിപ്പ്' ഫലം കണ്ടു; ഇരിപ്പുറക്കും മുമ്പ് ശ്രീറാം പുറത്ത്

തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന എ.പി വിഭാഗം സുന്നി സംഘടന സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ സമരപ്രഖ്യാപനത്തിനായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെ 14 ജില്ലകളും സാക്ഷ്യം വഹിച്ചത്. സംഘടനയുടെ മുഖപത്രമായ 'സിറാജി'ന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു ഈ പ്ര​ക്ഷോഭം. വോട്ട് ബാങ്കിലൂടെ പ്രതിരോധിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് നേതാക്കൻമാർ പരസ്യമായി മുന്നറിയിപ്പ് നൽകി.

എ.കെ.ജി സെന്ററിനെ വിറപ്പിച്ച പ്രസ്തുത മാർച്ച് ഒടുവിൽ ഫലം കണ്ടിരിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. സിവിൽ സ​ൈപ്ലസ് ജനറൽ മാനേജരായാണ് പുതിയ നിയമനം. എന്നും ഇടതുപക്ഷത്തിന്റെ വോട്ടുബാങ്കായ കാന്തപുരം വിഭാഗം രാഷ്ടീയമായി തങ്ങൾക്ക് എതി​​രെ തിരിയുന്നത് വലിയ ക്ഷീണം ചെയ്യും എന്ന് പ്രക്ഷോഭത്തിൽനിന്ന് സി.പി.എമ്മും ഇടതുപക്ഷവും തിരിച്ചറിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് കലക്ടർസ്ഥാനത്ത് നിന്ന് നീക്കാൻ ഇടതുസർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞയാഴ്ചയാണ് ഐ.എ.എസ് തലത്തിലെ അഴിച്ചുപണിയുടെ ഭാഗമായി ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്. ഇതിനെതിരെ കേരള പത്രപ്രവർത്തക യൂനിയനും പൊതുജനങ്ങളും പ്രതിപക്ഷവും കാന്തപുരം വിഭാഗം സംഘടനകളായ കേരള മുസ്ലിം ജമാഅത്ത്, എസ്.എസ്.എഫ്, എസ്.വൈ.എസ് തുടങ്ങിയ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസും മുസ്ലിം ലീഗും ശ്രീറാമിനെ ബഹിഷ്‌കരിക്കുകയും ചുമതലയേല്‍ക്കുന്ന ദിവസം യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശുകയും ചെയ്തിരുന്നു. ഇതൊന്നും ചെവിക്കൊള്ളാതെ സർക്കാർ തീരുമാനത്തിൽ ഉറച്ചുനിന്നു. കഴിഞ്ഞ തിങ്കളാഴ്ച ശ്രീറാം ചുമതലയേറ്റു. ഇതോടെ, ഇടതുസർക്കാറിനെതി​രെ തുറന്ന സമരപ്രഖ്യാപനവുമായി കാന്തപുരം വിഭാഗം തെരുവിലിറങ്ങൂകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് കേരള മുസ്ലിം ജമാഅത്ത് എല്ലാ ജില്ലാ കലക്ടറേറ്ററുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും വൻ പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്. കെ.എം ബഷീറിന് നീതി നിഷേധിച്ചതിനെതിരെ ശക്തമായ താക്കീത് നൽകുന്നതായിരുന്നു സമരത്തിന് നേതൃത്വം നൽകിയ നേതാക്കളുടെ വാക്കുകൾ.

കഴിഞ്ഞ ദിവസം അന്തരിച്ച കേരള മുസ്‍ലിം ജമാഅത്ത് നേതാവ് അബ്ദുല്ലത്തീഫ് സഅദി പഴശ്ശിയായിരുന്നു കണ്ണൂരിൽ സമരത്തിനിടെ മുഖ്യപ്രഭാഷണം നടത്തിയത്. അദ്ദേഹം അവസാനമായി സംബന്ധിച്ച പരിപാടിയും അതായിരുന്നു. സർക്കാറിനെതിരെ അതിശക്തമായ മുന്നറിയിപ്പിന്റെ സ്വരത്തിലായിരുന്നു പ്രസംഗം. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചില്ലെങ്കിൽ അവകാശം നേടിയെടുക്കുന്നത് വരെ തെരുവിൽ നിന്ന് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രസ്ഥാനം എവിടെ സമരം ചെയ്തിട്ടുണ്ടോ അവിടെയൊക്കെ വിജയിച്ച ചരിത്രമേ ഉള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

''ഈ അവകാശത്തിന് വേണ്ടിയുള്ള ശബ്ദം അധികാരികൾ കണ്ടിട്ടില്ലെങ്കിൽ ഞങ്ങൾ ഒരു കാര്യം തുറന്നുപറയുകാണ്. വർഷങ്ങൾ ഇനിയും കഴിയും, ഭരണങ്ങൾ മാറും, മുനിസിപ്പാലിറ്റിയുണ്ട്, പഞ്ചായത്തുണ്ട്, നിയമസഭ വരാനുണ്ട്… ഞങ്ങളുടെ കൈയിൽ ഞങ്ങൾ എന്നും ഉയർത്തിപ്പിടിച്ച ഒരു ആയുധമുണ്ട്... അത് വോട്ട് ബാങ്കാണ്... ഞങ്ങൾ അതിലൂടെ പ്രതിരോധിക്കുമെന്ന് മാത്രമേ ഓർമപ്പെടുത്താനുള്ളൂ'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതിനുപിന്നാലെ, അബ്ദുല്ലത്തീഫ് സഅദിയുടെ മരണവാർത്ത സി.പി.എം മുഖപത്രമായ ദേശാഭിമാനി തമസ്കരിച്ചതും വൻ വിവാദമായി. പാർട്ടിക്കെതിരെ പ്രസംഗിച്ചതിനാലാണ് മരണവാർത്ത പ്രസിദ്ധീകരിക്കാതെ പ്രതികാരം ചെയ്തത് എന്നായിരുന്നു സുന്നീ പ്രവർത്തകരുടെ ആരോപണം.

Tags:    
News Summary - AP aboobacker musliyar's Kanthapuram Sunnis warning; Sriram Venkitaraman removed from the post of Alappuzha District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.