പഞ്ചാരക്കൊല്ലി വിടാതെ നരഭോജി കടുവ; ആർ.ആർ.ടി അംഗത്തെ ആക്രമിച്ചു

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ ആക്രമണം. കടുവ ദൗത്യത്തിനിടെ ആർ.ആർ.ടി അംഗം ജയസൂര്യയെയാണ് നരഭോജി കടുവ ആക്രമിച്ചത്.

പരിക്ക് ഗുരുതരമെന്നാണ് വിവരം. വനത്തിനുള്ളിൽ കടുവക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം. കടുവയാണ് ആക്രമിച്ചതെന്ന് മന്ത്രി ഒ.ആർ. കേളു സ്ഥിരീകരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശിനി രാധയെ കടുവ കൊന്നുതിന്ന സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് വീണ്ടും കടുവ ആക്രമണം. പരിക്കേറ്റ മാനന്തവാടി ആർ.ആർ.ടി അംഗത്തെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കടുവ ആക്രമിച്ചത് ഉൾവനത്തിൽ വെച്ചായതിനാൽ ആശുപത്രിയിൽ എത്തിക്കാൻ സമയമെടുത്തു.  ജയസൂര്യയുടെ വലതുകൈക്കാണ് പരിക്കേറ്റത്. തിരച്ചിലിനിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. പഞ്ചാരക്കൊല്ലിയിലെ വീടിനു പിറകിൽ ശനിയാഴ്ച വൈകീട്ടും കടുവയെത്തിയിരുന്നു. പ്രിയദർശിനി എസ്റ്റേറ്റിലേക്ക് കടക്കുന്ന വീടിനു പിന്നിലാണ് കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച സ്ഥാപിച്ച ഒരു കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതാ‍യി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ചിത്രം പുറത്തുവിടാൻ വനം വകുപ്പ് തയാറായിട്ടില്ല.

പ്രദേശത്ത് 38 കാമറകളും രണ്ട് കൂടുകളുമാണ് സ്ഥാപിച്ചത്. കടുവയെ വെടിവെച്ച് പിടികൂടണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികളും ചില സംഘടനകളും. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും വെടിവെച്ചു കൊല്ലണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മയക്കുവെടി വെക്കാൻ ഡോ.അജീഷ് മോഹൻദാസ്, ഡോ. ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ശനിയാഴ്ച സീനിയർ വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, കടുവ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഞായറാഴ്ച കലക്ടറേറ്റിൽ ജില്ല ഭരണകൂടത്തിന്റെയും വനം, പൊലീസ് മേധാവികളുടെയും ഉന്നതതല യോഗം ചേരും.

Tags:    
News Summary - Another tiger attack in Pancharakolli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.