തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിന്റെ ആദ്യ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ നിലനിൽക്കെ, പൊലീസ് തലപ്പത്ത് മാറ്റങ്ങളുമായി വീണ്ടും ഉത്തരവിറങ്ങി. ലഹരി മാഫിയയുടെ വേരറുക്കാൻ നടപ്പാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ നോഡൽ ഓഫിസർ കൂടിയായ ആഭ്യന്തര സുരക്ഷാവിഭാഗം ഐ.ജി പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐ.ജിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയൻ ഐ.ജിയായിരുന്ന സതീഷ് ബിനോയാണ് പുതിയ ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജി.
നേരത്തെയുള്ള ഉത്തരവിൽ ഉത്തരമേഖല ഐ.ജിയെ നിയമിക്കാതിരുന്നത് പരാതിക്ക് കാരണമായിരുന്നു. കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായി കെ. കാർത്തിക്കിനെയും തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയായി ടി. നാരായണനെയും മാറ്റി നിയമിച്ചു. ആദ്യമിറങ്ങിയ ഉത്തരവിൽ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായി ടി. നാരായണനെയും തൃശൂർ റേഞ്ചിലേക്ക് തിരുവനന്തപുരം കമീഷണറായിരുന്ന കെ. കാർത്തിക്കിനെയുമാണ് നിയമിച്ചത്. എന്നാൽ, ഇവരുവരും ഇവിടങ്ങളിൽ ചുമതലയേൽക്കുന്നതിൽ അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് പുതിയ മാറ്റം.
പാലക്കാട് ജില്ല പൊലീസ് മേധാവിയായിരുന്ന അജിത്കുമാറിനെ ടെലികോം വിഭാഗം എസ്.പിയായി മാറ്റിനിയമിച്ചു. കോഴിക്കോട്-വയനാട് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന എം.പി. മോഹനചന്ദ്രൻ നായരെ മലപ്പുറം ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. വയനാട് ജില്ല പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ അരുൺ കെ. പവിത്രനെ കൊച്ചി സിറ്റിയിൽ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമീഷണറായാണ് നിയമിച്ചത്.
തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായിരുന്ന ജുവ്വനപുഡി മഹേഷിനെ ദക്ഷിണമേഖല വിജിലൻസ് എസ്.പിയാക്കി. കോട്ടയം ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിനെ തിരുവനന്തപുരം റേഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റകൃത്യം തടയൽ വിഭാഗം എസ്.പിയായാണ് മാറ്റിയത്. നേരത്തെ ഇതിൽ പല ഉദ്യോഗസ്ഥരെയും മാറ്റിയിരുന്നെങ്കിലും ഇവർക്ക് നിയമനം നൽകിയിരുന്നില്ല. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറായിരുന്ന കെ.എസ്. ഷഹൻഷായാണ് തിരുവനന്തപുരം സിറ്റിയിലെ പുതിയ ഡി.സി.പി.
യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുണ്ടായ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ഉന്നത ഉദ്യോഗസ്ഥർക്കുള്ള അതൃപ്തി ഡി.ജി.പി അറിയിച്ചിരുന്നു. ജൂനിയർ ഉദ്യോഗസ്ഥർക്ക് മതിയായ പ്രാധാന്യം ലഭിച്ചില്ലെന്നും സീനിയോറിറ്റി ലംഘിക്കപ്പെട്ടെന്നുമായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.