'മൃഗസംരക്ഷണ'ത്തിന് ആളില്ല; വകുപ്പിൽ പ്രതിസന്ധി

തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിൽ സുപ്രധാന തസ്തികകളിൽ ആളില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നു. തെരുവുനായ് പ്രതിരോധത്തിനുള്ള കർമപദ്ധതിയടക്കം നടപ്പാക്കാനിരിക്കെ വകുപ്പിലെ ആൾക്ഷാമം കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. വകുപ്പിന് കീഴിലെ ഓഫിസുകളിൽ 561 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് കണക്ക്.

പലയിടത്തും നിലവിലുള്ള ജീവനക്കാർക്ക് അധിക ചുമതല നൽകിയാണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ 218 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വെറ്ററിനറി സർജൻ 80, ക്ലർക്ക് 23, ലാബ് ടെക്നീഷ്യൻ 23, ക്ലർക്ക് ടൈപ്പിസ്റ്റ് 18, അസിസ്റ്റന്‍റ് ഡയറക്ടർ 16, ഡെപ്യൂട്ടി ഡയറക്ടർ 13 എന്നിങ്ങനെയാണ് മറ്റ് പ്രധാന തസ്തികകളിലെ ഒഴിവുകൾ. ജൂനിയർ സൂപ്രണ്ട്, ജോയന്‍റ് ഡയറക്ടർ, കെമിസ്റ്റ്, ഫീഡ് അനലിസ്റ്റ്, അറ്റൻഡർ, ലബോറട്ടറി അറ്റൻന്‍റർ, ക്ലർക്ക് തുടങ്ങിയ തസ്തികകളിലും ഒഴിവുണ്ട്. റദ്ദാക്കാൻ തീരുമാനിച്ച ചില തസ്തികകളും ഒഴിഞ്ഞുകിടക്കുന്നവയിൽപ്പെടുന്നു. പല ജീവനക്കാരും ഒന്നിലധികം കേന്ദ്രങ്ങളിൽ ജോലി ചെയ്യേണ്ട അവസ്ഥയാണ്.

യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും റാങ്ക്ലിസ്റ്റില്ലാതിരുന്നതാണ് ഒഴിവുകൾ നികത്താൻ തടസ്സമായതെന്നും സ്ഥാനക്കയറ്റം വഴി നിയമനം നടക്കേണ്ട ഒഴിവുകൾ നികത്താൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഒഴിവുകൾ നികത്താത്തതുമൂലം സേവനങ്ങൾ കാര്യക്ഷമമായി പൊതുജനങ്ങൾക്ക് എത്തിക്കാൻ കഴിയാത്തതും അധികഭാരം പേറേണ്ടിവരുന്നതുമടക്കം വിഷയങ്ങൾ പലതവണ സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ജീവനക്കാരുടെ സംഘടനകൾ പറയുന്നു.

അതേസമയം, ഒഴിവുകൾ നികത്തുന്നതിൽ വീഴ്ചയില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി 'മാധ്യമ'ത്തോട് പറഞ്ഞു.ഇതിനിടെ, ജീവനക്കാരുടെ അഭാവം പലയിടത്തും മൃഗാശുപത്രികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയതോടെ ചില ജില്ലകളിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനത്തിന് നടപടി തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - 'Animal protection' is unmanned; Crisis in the department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.