മൂന്നുപേരെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് അനീഷിന്‍റെ വിടവാങ്ങൽ

ഗാന്ധിനഗർ: മൂന്നുപേർക്ക് പുതുജീവൻ നൽകിയാണ് അനീഷ് നിത്യതയിലേക്ക് മറഞ്ഞത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രി അധികൃതർ കുടുംബാംഗങ്ങളുമായി അനീഷിന്‍റെ അവയവങ്ങൾ ദാനംചെയ്യുന്നത് സംബന്ധിച്ച് സംസാരിക്കുകയും ബന്ധുക്കൾ സന്നദ്ധരാവുകയുമായിരുന്നു. തുടർന്ന് രാത്രി ഏഴിന് ശരീരത്തിൽനിന്ന് ആദ്യം ഹൃദയവും പിന്നീട് ശ്വാസകോശവും തുടർന്ന് മറ്റ് അവയവങ്ങളും എടുത്തു. രാത്രി 11ഓടെ മൂന്ന് അവയവങ്ങൾ മൂന്ന് പേരുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചു.

ഹൃദയം, ശ്വാസകോശം, വൃക്കകൾ, കരൾ, കണ്ണുകൾ, കൈകൾ, പാൻക്രിയാസ് ഉൾപ്പെടെ ഒമ്പത് അവയവങ്ങളാണ് ദാനംചെയ്തത്. ഹൃദയം എറണാകുളം പുത്തൻകുരിശ് വരിക്കോലി മറ്റത്തിൽ മാത്യുവിനും (57), ശ്വാസകോശം മുണ്ടക്കയം സൗത്ത് മയ്യാവിൽ ദിലീപ്കുമാറിന്‍റെ ഭാര്യ ദിവ്യാമോൾക്കും (27), ഒരുവൃക്ക കോഴഞ്ചേരി സ്വദേശി അനിൽ കുമാറിനുമാണ് നൽകിയത്.

കണ്ണുകൾ നേത്രരോഗ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കരളും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും ഒരുവൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ രോഗിക്കും നല്‍കി. ട്രാൻസ്പ്ലാന്‍റ് കോഓഡിനേറ്റർമാരായ ജിമ്മിയും നീതു പി. തോമസും അവയവ കൈമാറ്റ നടപടിക്രമങ്ങൾ ഏകോപിപ്പിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സൂപ്രണ്ട് ഓഫിസിനു മുൻവശം പൊതുദർശനത്തിനുവെച്ചപ്പോൾ പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ആർ.എം.ഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ, ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ള ജീവനക്കാർ അന്ത്യാഞ്ജലി അർപ്പിച്ചു. സുരക്ഷാവിഭാഗം ജീവനക്കാർ ഗാർഡ് ഓഫ് ഓണർ നൽകി.

മറഞ്ഞെങ്കിലും മായാതെ...

ഗാന്ധിനഗർ: ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോൾ പമ്പയിൽ തലയിടിച്ചുവീണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആർ. അനീഷിന് (38) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫിസറായ അനീഷിന് കഴിഞ്ഞ 17ന് രാത്രി 8.30ഓടെ ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ 22ന് മസ്തിഷ്കമരണം സംഭവിച്ചത്. അവയവ മാറ്റത്തിനുശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. അനീഷിന്‍റെ സഹോദരിമാരായ ലക്ഷ്മി, അഞ്ജു എന്നിവരും സഹോദരീഭർത്താവ് രാജേഷും അനുഗമിച്ചു. സന്ധ്യയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.


ഒരേദിവസം മൂന്ന് അവയവമാറ്റ ശസ്ത്രക്രിയ: കോട്ടയം മെഡിക്കൽ കോളജിന് ചരിത്രനേട്ടം

സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവെക്കുന്നത് ആദ്യം

ഗാന്ധിനഗർ: രാജ്യത്ത് ആദ്യമായി ഒരേദിവസം മൂന്ന് പ്രധാന അവയവങ്ങള്‍ മാറ്റിവെക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളജ്. 11ാമത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് നടന്നത്.

കൂടാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ശ്വാസകോശം മാറ്റിവെക്കുന്നതും കോട്ടയം മെഡിക്കൽ കോളജിലാണ്. ഇതോടെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്രത്തിൽ ഇടംനേടി.

ആശുപത്രി സൂപ്രണ്ടും ഹൃദയശസ്ത്രക്രിയ മേധാവിയുമായ ഡോ. ടി.കെ. ജയകുമാർ, ഡോ. വിനീത, ഡോ. അരവിന്ദ്, ഡോ. സഞ്ജീവ്, കാരിത്താസ് ആശുപത്രിയിലെ ശ്വാസകോശ വിഭാഗം ഡോ. ദീപക്, മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ലത, ഡോ. സേതുനാഥ്, വൃക്കരോഗ വിഭാഗത്തിലെ ഡോ. സജീവ്കുമാർ, യൂറോളജി വിഭാഗത്തിലെ ഡോ. രാജീവ്, ഡോ. സുജിത്, അമൃത ആശുപത്രിയിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. സാം, മെഡിക്കൽ കോളജ് സർജറി വിഭാഗം ഡോ. ഇഫാൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്.

Tags:    
News Summary - Aneesh's organs donated after brain death confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.