ആയിര​ത്തിലേറെ കോടിയുടെ തട്ടിപ്പ്; അനന്തുകൃഷ്ണന്റെ അക്കൗണ്ടിൽ നാല് കോടി മാത്രം, ബാക്കി എവിടെ?

തിരുവനന്തപുരം: പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിയായ അനന്തുകൃഷ്ണന്റെ അക്കൗണ്ടിലുള്ളത് നാലുകോടി രൂപ മാത്രം. എന്നാൽ, ആയിര​ത്തിലേറെ കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ള​തെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപ്പോൾ ബാക്കി പണം എവിടെയെന്ന ചോദ്യം ശക്തമാണ്.

ഈ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചോ, പുറത്തേക്ക് കട​ത്തിയോ തുടങ്ങിയ ചോദ്യങ്ങൾ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇൗ വിഷയത്തിൽ കൂടുതൽ വ്യക്തതവരാൻ അനന്തുകൃഷ്ണനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടിരിക്കുന്നത്. എന്നാൽ, പൊലീസിന്റെ ചോദ്യങ്ങളോട് സഹകരിക്കാത്ത സമീപനമാണ് അനന്തുകൃഷ്ണന്റെ ഭാഗത്തുനിന്നുള്ളതെന്ന് പറയുന്നു.

ഇതിനിടെ, അനന്തുകൃഷ്ണന്റെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കയാണ്. മൂന്ന് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേസ് ക്രൈം ബാഞ്ച് അന്വേഷിക്കാൻ സാധ്യതയുണ്ട്. ഇതിനിടെ, ഇ.ഡി. ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞു. കേരളത്തിൽ മുൻപ് നടന്ന

മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പാണ് നടന്നതെന്നാണ് ഇ.ഡിയുടെ ആദ്യ വിലയിരുത്തൽ. ഇതിനിടെ, അനന്തുകൃഷ്ണന് 19 അക്കൗണ്ടുകളുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഈ അക്കൗണ്ടികളിലൂടെ 450 കോടിയുടെ ഇടപാട് നടത്തിയെന്നാണ് മനസിലാക്കുന്നത്. ഇതിനിടെ, വൻതോതിൽ ഭൂമി സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം സംശയിക്കുന്നു.

തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറെന്ന നിഗമനത്തിലാണ് പൊലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയിൽ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്‍.ജി.ഒ കോൺഫെഡറേഷന്റെ ചുമതലയിൽ നിന്ന് ആനന്ദകുമാർ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. പിടിയിലായ അനന്തുകൃഷ്ണൻ ആനന്ദകുമാറിന്റെ ബിനാമി ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സി.എസ്.ആർ. ഫണ്ടിൽ ഉള്‍പ്പെടുത്തി പകുതിവിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത് മൂവാറ്റുപുഴ പൊലീസാണ്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്‌സ് നേരിട്ട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ വാങ്ങിക്കൂട്ടിയ ഇടുക്കിയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പൊലീസ് തുടങ്ങി.

Tags:    
News Summary - Ananthukrishnans account has only four crores where is the rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.