കാട്ടുപന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മൃതദ്ദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ സുരേഷ്
നിലമ്പൂർ: കാട്ടുപന്നിക്കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ച അനന്തു, പിതാവ് സുരേഷിന്റെ ഏക ആൺതരിയാണ്. മൂന്നു മക്കളിൽ ഇളയവനാണ്. കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ അവനിലായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന അനന്തു കലാരംഗത്തും ഏറെ കഴിവുറ്റവനായിരുന്നു. പാട്ട് പാടാൻ വലിയ മിടുക്കായിരുന്നു. കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിലെ വിടവാങ്ങലിൽ അനന്തു പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സഹോദരികളായ കൃഷ്ണേന്ദുവും ദേവികയും ഡിഗ്രി, പ്ലസ് ടു വിദ്യാർഥികളാണ്.
പിതാവ് സുരേഷിന് തേങ്ങ പൊതിക്കാൻ പോവുന്ന തൊഴിലാണ്. ഇതിൽനിന്ന് കിട്ടുന്ന തുച്ഛ വരുമാനത്തിൽ നിന്നാണ് അല്ലലറിയിക്കാതെ കുടുംബം പോറ്റുന്നത്.
കാട്ടുമൃഗശല്യവും പ്രളയഭീഷണിയുമുള്ള പ്രദേശത്താണ് കുടുംബത്തിന്റെ താമസം. കാട്ടാനശല്യം മൂലം സമീപത്തെ മിക്ക കുടുംബങ്ങളും വീട് ഉപേക്ഷിച്ച് മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരുന്നു. സാമ്പത്തികശേഷി കുറഞ്ഞ സുരേഷിന് പക്ഷേ വീട് ഉപേക്ഷിച്ച് പോകാൻ വഴിയുണ്ടായിരുന്നില്ല.
അഞ്ചു സെന്റ് ഭൂമി എവിടെയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഇവിടെനിന്ന് കുടുംബത്തെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് നാട്ടുകാരോട് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. വീട് വിൽക്കാനുള്ള ശ്രമം വർഷങ്ങൾക്കുമുമ്പ് തുടങ്ങിയതാണ്. പക്ഷേ, കാട്ടുമൃഗശല്യം മൂലം ആരും ഭൂമി എടുക്കാൻ ഇതുവരെ തയാറായിട്ടില്ല. ഭൂമി കച്ചവടക്കാരോടും നാട്ടുകാരോടും ഭൂമി വിൽപനയുടെ കാര്യത്തിൽ കൂടുതൽ സമ്മർദം ചെലുത്തി വരുന്നതിനിടെയാണ് അനന്തു കുടുംബത്തിനെ തീരാക്കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്.
മഞ്ചേരി: അനന്തുവിന്റെ ശരീരത്തിൽ മൂന്നു ഭാഗങ്ങളിൽ വൈദ്യുതാഘാതമേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വയറിന്റെ മുൻഭാഗത്ത് രണ്ടും വയറിന്റെ വലതു വശത്തുമാണ് പാടുകളുള്ളത്. ഇതിൽ ഒന്ന് ആഴത്തിലുള്ളതാണ്. ഫോറൻസിക് സർജൻ ടി.പി. ആനന്ദിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
വൈദ്യുതാഘാതമാണ് മരണകാരണം. നീളമുള്ള കമ്പി വയറ്റത്ത് വീണപോലെയുള്ള പാടാണ്. വിദഗ്ധ പരിശോധന ആവശ്യമെങ്കിൽ ഫോറൻസിക് സംഘം സ്ഥലം സന്ദർശിക്കുമെന്നു ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച പോസ്റ്റ്മോർട്ട നടപടികൾ പത്തു മണിയോടെ പൂർത്തിയാക്കിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.